June 23, 2015

ഇന്നലെകളിലൂടെ


ഈ ബ്ലോഗ്‌ ഒരു ശ്രമം മാത്രമാണ്, പറയാൻ പോകുന്ന
വിഷയം നിങ്ങളുമായി സംവദിക്കാൻ
എനിക്കാവുമോയെന്ന്ഒരു നിശ്ചയവുമില്ല.
ആധികാരികമായി പറയാൻ അറിയില്ലെങ്കിലും,
സൈക്കോളജിയിൽ ഗപ്പൊന്നും കിട്ടിയിട്ടില്ലെങ്കിലും
ചിലത് ഇവിടെ പറയാൻ ശ്രമിക്കുകയാണ്.


" ഇന്നലെകളിലൂടെ" എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഒരു
മാനസ സഞ്ചാരമാണ്. ഇന്നലെകളിൽ അല്ലെങ്കിൽ
കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യങ്ങളിലും,
സാഹചര്യങ്ങളിലും, അനുഭവങ്ങളിലും മനസ്സ്
ചിലപ്പോഴൊക്കെ തങ്ങി നില്ക്കുന്നൊരവസ്ഥ.
ഇന്നിൽ ജീവിക്കുമ്പോഴും ഇന്നലെകളിൽ മനസ്സിനെ
"തൊട്ട" കാര്യങ്ങളിൽ അറിഞ്ഞോ അറിയാതെയോ
ചെന്നെത്തി നിൽക്കാറില്ലേ? അപ്പൂപ്പൻ താടികൾ
പാറിപ്പറന്നു ഒരിടത്ത് പറ്റിപ്പിടിച്ചിരി ക്കും പോലെ...
വർത്തമാനത്തിലേക്ക്‌ മനസ്സ് പറന്നെത്താൻ
മടിയ്ക്കും പോലെ...

എന്റെയൊരു കൂട്ടുകാരാൻ ചേട്ടനാണ് സത്യത്തിൽ
ഈയൊരു ബ്ലോഗ്‌ ത്രെഡ് എഴുതാൻ കാരണം.
12 വർഷമായി US ൽ മെഡിക്കൽ രംഗത്ത്‌ പ്രവർത്തിക്കുന്ന
റെജിച്ചായൻ കഴിഞ്ഞ വർഷം ഒരവധിക്കാലം
ചിലവിടാനായി നാട്ടിൽ വന്നപ്പോൾ ഏതാനും
ദിവസങ്ങൾ എന്നോടൊപ്പം എന്റെ ഗ്രാമത്തിൽ തങ്ങി.
ഒരു മേജർ സർജറിക്ക് മുൻപുള്ള; നാട്ടിലേക്കുള്ള യാത്ര
അദ്ദേഹം ആവോളം ആഘോഷിക്കുകയായിരുന്നു.
ഇഷ്ട്ടപ്പെട്ട സ്ഥലങ്ങളും കാഴ്ചകളും കാണിക്കാൻ
ഞാൻ കൂട്ടിക്കൊണ്ടുപോയി. ഒരു കൊച്ചു കുട്ടിയുടെ
കൌതുകത്തോടെ പുഴകളും നാട്ടുവഴികളും ചായക്കടയും
വായനശാലയും തൃശൂരിലെ വടക്കുംനാഥനും
പുത്തൻപള്ളിയും തേക്കിൻകാടും എല്ലാം കണ്ടു.
പണ്ടത്തെ സിനിമകളിലെ ലാലേട്ടന്റെ നാടൻ ദിനങ്ങൾ
പോലെ ആസ്വദിച്ച് അദ്ദേഹം തിരികെ US ലേക്ക് പറന്നു.


പക്ഷേ, ഇപ്പോഴും ഞങ്ങൾ സംസാരിക്കുമ്പോഴും ആ
പഴയ ദിനങ്ങളിൽ അദ്ദേഹം ജീവിക്കുന്ന പോലെ
പറയാറുണ്ട്‌. മനസ്സ് പൂർണ്ണമായും കടൽ കടന്നെത്താൻ
തെല്ലു വിഷമിച്ച പോലെ.

സമാനമല്ലെങ്കിലും നമുക്കുമുണ്ടായിട്ടില്ലേ ഇത്തരം
അനുഭവങ്ങൾ ; ഒന്നോർത്തു നോക്കൂ !
തീർച്ചയായും എനിയ്ക്കനവധി സന്ദർഭങ്ങൾ
മനസ്സിലേക്ക് വരുന്നുണ്ട്.
മനസ്സിന്നും വിഹരിക്കുന്ന ആ ഇന്നലെകളിൽ ചിലത്,
മനസ്സിലേക്ക്   പെട്ടെന്ന് ഓടി വരുന്നവ ഇതാ..

കലാലയ ജീവിതത്തിൽ ക്യാമ്പസ്സിൽ നിന്നും വിനോദയാത്ര
പോയി തിരികെ വന്ന ദിവസങ്ങൾ, കുട്ടിക്കാലത്ത്
അമ്മാവന്റെ വീട്ടിലെ വേനൽ അവധിക്കാലം കഴിഞ്ഞു
സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം സന്ധ്യയായപ്പോൾ
മനസ്സ് തിരികെ പോയത്, അങ്ങനെ പലതും,
കാലങ്ങൾക്കിപ്പുറം നടത്തിയ യാത്രകളും  കാട് കയറ്റവും
അലച്ചിലുമെല്ലാം...
നിങ്ങൾക്കുമുണ്ടാവും ഇതിലേറെ കാര്യങ്ങൾ
ഓർത്തെടുക്കാൻ, അല്ലേ? ഇത്തരം ഓർമ്മകളും;
പ്രവാസികൾക്ക്  നാട്ടിലെ അവധി ദിവസങ്ങളുമൊക്കെ
മനസ്സിനെ അറിയാതെ റിവേർസ് ഗിയറിൽ ഇട്ട്
ഇന്നലകെളിലേക്ക് കൊണ്ടുപോകും...



ചുമ്മാ ഒരു രസത്തോടെ ഇതൊക്കെ ഒരു സാക്ഷി
ഭാവത്തോടെ നോക്കി നില്ക്കാൻ രസമാണല്ലേ?
കാലത്തിന്റെ ഇന്നലെകളിലേക്കുള്ള മനസ്സിന്റെ ഈ
മടക്ക യാത്രകൾ, നോവുണർത്തിയ ഓർമ്മകളിലേക്കും
നമ്മെ കൂട്ടിക്കൊണ്ടു പോവും.

 ആർദ്രമായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും
പ്രണയത്തിന്റെയും വിരഹത്തിന്റെയുംഎല്ലാം
ഇന്നലെകളിലേക്ക്,
വെറുതെയെങ്കിലും മനസ്സിന്റെ ഒരു തിരിച്ചുപോക്ക്
ചില നേരങ്ങളിൽ  അനിവാര്യതയാണ്.


നാം ഓർക്കുക;
ഇന്ന്, ഇപ്പോൾ നമ്മളിലൂടെ കടന്നു പോകുന്ന
ഓരോ നിമിഷങ്ങളും നാളെയുടെ ഇന്നലെകളാണ്.
അതിനാൽ, നാളത്തെ ഇന്നലെകൾ സുന്ദരമാക്കാൻ
ഇന്നിന്റെ ഓരോ ദിനരാത്രങ്ങളും, അനുനിമിഷം
നമുക്ക് സന്തോഷത്തോടെ ആസ്വദിക്കാം.
ഇന്നലെകളിലൂടെയുള്ള യാത്രകൾ സുന്ദരങ്ങളായിരിക്കട്ടെ...

4 comments:

ajith said...

ഇന്നലെകളേ
തിരികെ വരുമോ!!!

Reshma T S said...

ഒരുപാട് ഇഷ്ടപ്പെട്ടു. ചില അവസരങ്ങളിൽ, തുടർന്നു ജീവിക്കാൻ പോലും പ്രേരിപ്പിക്കുന്നത് ഇന്നലെകളിലെ ആ ഓർമ്മകൾ മാത്രമാണ്...

james Ollur said...

Mone thakarthutto. ninnil oru sahithykkaran olinjirippudennu ariyan kazhinjathil santhozham.

സുരാജ് നെല്ലിപറമ്പിൽ said...

നാളയെ കുറിച്ച് ഞാൻ ഇന്ന് ആവലാതിപ്പെട്ടു നടക്കവേ ഇന്നലയെ കുറിച്ച് ഓർമ്മിപ്പിച്ച എന്റെ സുഹൃത്തേ, നന്ദി. ഒരുപാട് നന്ദി...

ഒരുപാടുണ്ടായിട്ടുണ്ട് ഇന്നലെകളിൽ മനോഹരവും നൊമ്പരവും സന്തോഷവും എല്ലാം ഇട കലർന്ന നിമിഷങ്ങൾ...

കൂട്ടുക്കാരുമൊത്ത് കുസൃതികൾ ഒപ്പിച്ച ബാല്യം...
നീന്താനറിയില്ലെങ്കിലും കൂട്ടുക്കാരുടെ നീന്തൽ കണ്ടു രസിച്ച ബാല്യം...

പ്രണയിക്കാൻ അറിയില്ലെങ്കിലും ആർക്കൊക്കെയോ വേണ്ടി പ്രണയലേഖനങ്ങൾ എഴുതിയ കൌമാരം...

അതെല്ലാം പിന്നിട്ട് ഇത് ഇന്നിന്റെ യൌവനത്തിൽ എത്തി നില്ക്കുന്നു,,,

ഈ സുന്ദരഭൂമിയിൽ ഇനിയും തുടരാൻ ഈശ്വരൻ അനുഗ്രഹിക്കുമെങ്കിൽ വാർധക്യത്തിൽ ഇതേ ബ്ലോഗിൽ ഞാനന്നൊരു കമ്മന്റ് കൂടി ചേർക്കും, അതെന്റെ ഇന്നലെയുടെ യൌവനത്തെ കുറിച്ചായിരിക്കും... ഇനിയും എഴുതുക... ഈ ബ്ലോഗും ഈ കൂട്ടുക്കാരനും എന്റെ ഇന്നിന്റെ സമ്മാനമാണ്... ആശംസകൾ...