June 18, 2015

വായന

നാളെ ജൂണ്‍-19
നാടെങ്ങും വായനദിനമായി ആചരിക്കുന്ന ദിവസം.
എന്നാൽ പിന്നെ ഞാനേറെ സ്നേഹിക്കുന്നവർക്കായി
ഞാനേറെ ഇഷ്ട്ടപ്പെടുന്ന ഒരു കാര്യത്തെപ്പറ്റി ഇവിടെ
എഴുതാമെന്ന് കരുതി.


വായനയുടെ ലോകം...
വായന മരിക്കുന്നു എന്നൊക്കെ കുറച്ചു നാൾ മുൻപ് വരെ
കേട്ടിരുന്നു. അങ്ങനെ ഉണ്ടോ? എനിക്ക് തോന്നുന്നില്ല.
പണ്ടത്തെ പോലെ വായിക്കുന്നവരുടെ എണ്ണം ഒരുപക്ഷേ
കുറഞ്ഞിട്ടുണ്ടാവാം. പക്ഷെ ഇന്നും കാര്യമായി
വായിക്കുന്നവർ ഒത്തിരി ഉണ്ട്.
പുസ്തകത്തിൽ നിന്നും തെല്ലു മാറി വായന
ഇൻറർനെറ്റിലെക്കും, ബ്ലോഗിലേക്കും, ടാബിലെക്കും
എന്തിന് മൊബൈൽ ഫോണിലേക്ക് വരെ വ്യാപിച്ചിരിക്കുന്നു.

അറിഞ്ഞും അറിയാതെയും നാം വായനക്കാരാകുന്നുണ്ട്,
സോഷ്യൽ മീഡിയകളിൽ, വാട്സ് ആപ് ഗ്രൂപ്പുകളിൽ
പലപ്പോഴും നാം കാര്യമായ ചർച്ചകളിൽ പങ്കാളികളാവുന്നു.
വെറുതെ തമാശ മാത്രം പോസ്റ്റ്‌ ചെയ്യപ്പെടുന്ന
ഇടങ്ങളെക്കുറിചല്ല ഞാൻ ഉദ്ദേശിച്ചത്.
മറിച്ച്, ഗൌരവമേറിയകലാ സാംസ്ക്കാരിക
സാമൂഹിക വിഷയങ്ങൾ മുതൽ
സാഹിത്യവും യാത്രകളും അനുഭവ കുറിപ്പുകളും
പാട്ടുകളും കഥകളും കവിതകളും നാട്ടറിവുകളും
മറ്റും പരിചയപ്പെടുത്തുന്ന വിശാലമായ
വായനയുടെ ലോകം, വായനയുടെ ഒരു പൂക്കാലം
ഇന്ന് തൊട്ടരികത്ത്‌ നമ്മെ കാത്തിരിപ്പുണ്ട്‌.
ചളു മാത്രം വായിച്ചു നിർവൃതിയടയാതെ
നല്ലൊരു വായനയുടെ ലോകത്തേക്ക്,
പുതിയ കാലത്തിന്റെ വായനശാലകളിലേക്ക് നമുക്ക്
ചെന്നെത്താം...
അതിനുള്ള ഒരു ഓർമ്മപ്പെടുത്തലാവട്ടെ ഈ വായനദിനം.

 
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരൻ
പുതുവായിൽ നാരായണ പണിക്കർ എന്ന ശ്രീ P.N. പണിക്കരുടെ
ഓർമ്മ ദിനമാണ് വായന ദിനമായി ആചരിക്കുന്നത്.
ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കം കുറിച്ച,
കേരള സാക്ഷരതാ യജ്ഞത്തിനു നേതൃത്വം നൽകിയ ആ
മഹാത്മാവിനു മുൻപിൽ ഒരു നിമിഷം ശിരസ്സ്‌ നമിക്കാം.

എനിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഒരു എളിയ
പ്രവർത്തകനാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

"വായിക്കുക വളരുക"

വായനയുടെ പൂക്കാലം...
മേൽ പറഞ്ഞ പോലെ വായനയുടെ ലോകം
എത്രയൊക്കെ മാറിയാലും,
ഒരു പുസ്തകമെടുത്ത്‌ വിരലിനാൽ  താളുകൾ  മറിച്ചു
വായിക്കുന്നതിന്റെ ഒരു സുഖം മറ്റൊന്നിനും നൽകാനാവില്ല.
പുസ്തകത്തിന്റെ മണവും ചട്ടയുടെ നിറവും എല്ലാം
അക്ഷരങ്ങളോടൊപ്പം മനസ്സിൽ മായാതെ നിൽക്കും.
വായനശാലയിലെ റാക്കിൽ അടുക്കി വച്ച പുസ്തകങ്ങൾ
കാണാൻ തന്നെ വല്ലാത്തൊരു കൊതിയാണെനിക്ക്. അവ
പരസ്പരം സംസാരിക്കുന്ന പോലെ തോന്നും. എത്ര
രസമായിരിക്കും അല്ലെ, ആ എഴുത്തുകാർ തമ്മിൽ
അവിടെയിരുന്ന് സംസാരിച്ചിരുന്നെങ്കിൽ !!!
ഇ.വി യും, കുമാരനാശാനും, വള്ളത്തോളും, വിജയനും,
എം ടി യും, മുകുന്ദനും, പദ്മനാഭനും, മാധവിക്കുട്ടിയും,
ആനന്ദും, സക്കറിയയും, പെരുമ്പടവും, ചുള്ളിക്കാടും,
മീരയും, ബെന്യാമിനും, പൌലോ കൊയിലോയും
മാർക്കസ്സും...  അങ്ങനെ എല്ലാവരും കൂടി ഒരു
സാഹിത്യ സംവാദം നടത്തിയിരുന്നെങ്കിൽ എത്ര
വിചിത്രമായിരിക്കും അത് !


ഓരോ പുസ്തകവും ഓരോ അനുഭവങ്ങളാണ് നമുക്ക്
തരുന്നത്. ചിലപ്പോൾ അത് നമ്മളെ തന്നെ കാട്ടിത്തരുന്നു,
മറ്റു ചിലപ്പോൾ അത് വഴികാട്ടികളാവുന്നു. 
അറിവും വിജ്ഞാനവും രസങ്ങളും പ്രണയവും നർമ്മവും
എല്ലാം ഈ താളുകളിൽ, കറുത്ത  മഷി പുരട്ടി ഒട്ടിച്ചു
വച്ചിരിക്കാണെന്ന്തോന്നും, വായനയുടെ ലോകത്തെത്തിയാൽ.

അത്ര രസമാണീ വായനയുടെ യാത്ര. അക്ഷരങ്ങൾ നമ്മെ
കാലത്തിന്റെ അങ്ങേ തലക്കലേക്കും ഇങ്ങോട്ടും കൊണ്ട്
പോകും, അറിയില്ലാത്ത ആകാശങ്ങളിൽ വിഹരിക്കാൻ
നമ്മെ പഠിപ്പിക്കും, കെട്ടുകഥകളും പഴംപാട്ടുകളും
ചൊല്ലി നമ്മെ കളിപ്പിക്കും...
ജീവിതത്തെ അറിയുന്നത്, കാട്ടി തരുന്നത് ഈ പുസ്തകങ്ങൾ
അല്ലാതെ മറ്റെന്താണ്?
നാം തന്നെ തിരഞ്ഞെടുക്കുന്ന നമ്മുടെ ഗുരുനാഥന്മാർ !

ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ശക്തമായ എഴുത്തിന്റെ
അക്ഷരക്കടലാസുകൾ തുന്നിക്കെട്ടിയ ഈ പുസ്തകങ്ങൾ
വെറും പുസ്തകങ്ങൾ മാത്രമല്ല;
ഒരു മനുഷ്യായുസ്സിലെ നല്ല വഴിത്തിരുവുകളുടെ
അടയാളപ്പെടുത്തലുകൾ കൂടിയാണ്.
വായനയുടെ കാലം അതിന് സാക്ഷ്യം നിൽക്കട്ടെ.


2 comments:

suraj_ns said...

കുറച്ചു നാളുകൾ മുൻപ് വരെ കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു പുസ്തകം വാങ്ങിക്കാനുള്ളത് ഞാൻ മിച്ചം വച്ചിരുന്നു... ഇപ്പോൾ ജോലി തിരക്ക് കാരണം ഒരു പുസ്തകം പോലും വാങ്ങാൻ പറ്റാറില്ല... എന്നിരുന്നാലും ചേട്ടൻ പറഞ്ഞത് പോലെ വായന നിന്നു പോയിട്ടൊന്നുമില്ല... അതാരിലും നിന്നു പോകുകയുമില്ല... പിന്നെ സത്യം പറയാലോ ചേട്ടാ, ചേട്ടന്റെ ബ്ലോഗുകൾ മനസ്സിരുത്തി വായിക്കാറുണ്ട്... അത് കൊണ്ട് തന്നെ ഒരു അപേക്ഷയുണ്ട്, ഈ ആണ്ടിനും സംക്രാന്തിക്കും വരുന്ന പോലെ വന്ന് ഒരു ബ്ലോഗ്‌ ഇട്ട് പോവാതെ ഇടക്കിടക്ക് ഓരോന്ന് ആയിക്കോട്ടെ... ദയവു ചെയ്ത് ചേട്ടനായിട്ട് വായന മുടക്കരുത്... (മാസം അഞ്ചു കഴിഞ്ഞു പാലിയം നാലുകെട്ടിൽ പോയിട്ട്)

ajith said...

അനുയോജ്യമായ ചിന്തകള്‍.
ആശംസകള്‍