May 22, 2012

അമ്പലക്കോഴികള്‍

കോഴികളെ വീടിനകത്തേക്ക് കയറ്റാന്‍ നമ്മള്‍ സമ്മതിക്കോ ? ഇല്ല.
അപ്പോള്‍ പിന്നെ പരിപാവനമായി കരുതുന്ന ഒരു  ക്ഷേത്രത്തിലേക്ക് കോഴികളെ
കയറ്റുന്നതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ട, അല്ലേ !




എന്നാല്‍ ഈ കഴിഞ്ഞയാഴ്ച തൃശൂരിലെ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഒരു
സുഹൃത്തിന്റെ വിവാഹ ചടങ്ങിനു പോയപ്പോള്‍ കണ്ട കാഴ്ച എന്നില്‍ കൌതുകമുണര്‍ത്തി.
അമ്പലത്തിന്റെ കവാടം കടന്നത്‌ മുതല്‍ അവിടിവിടെ കോഴികള്‍,
അപ്പൊ കരുതി ക്ഷേത്രത്തിന്റെ മുറ്റത്ത്‌ മാത്രേ ഇവയുണ്ടാകൂ എന്ന്;
എന്നാല്‍ ചുറ്റമ്പലത്തില്‍ കടന്നപ്പോഴല്ലേ രസം;
ശ്രീകൃഷ്ണജയന്തിക്കുള്ള ശോഭയാത്രയില്‍, "അമ്പാടി നിറയെ ഉണ്ണിക്കണ്ണന്‍മാര്‍"
എന്ന് പറയും പോലെ അമ്പലത്തിന്റെ അകം മുഴുവന്‍ പലവിധ വര്‍ണ്ണത്തിലുള്ള
പൂവന്‍ കോഴികള്‍ അങ്കവാലും വിരിച്ച് നെറ്റിയില്‍ ചുവന്ന പൂവും വച്ച് വിഹരിക്കുന്നു.





ക്യാമറക്കണ്ണില്‍ കണ്ട കാഴ്ച വിശ്വസിക്കാന്‍ ആദ്യം കുറച്ചു സമയമെടുത്തു.
പിന്നീടാണ് അറിഞ്ഞത് ഇതിവിടുത്തെ മാത്രം ഒരു പ്രത്യേകതയാണെന്ന്.
ആ അമ്പലത്തില്‍ പ്രതിഷ്ഠയുള്ള ഭഗവതിയുടെ വാഹനമാണത്രേ ഈ പൂവന്‍ കോഴികള്‍;
പഴന്നൂര്‍കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കേവല്‍ കോഴികള്‍.
ഞങ്ങളുടെ നാട്ടില്‍ ഇതിനെ ചാത്തന്‍ കോഴി എന്നും പറയും, കൊളോക്ക്യലായി :)


 എന്തായാലും നല്ല നെഞ്ചുറപ്പുള്ള സുന്ദരന്‍ ആണ്‍കോഴികളെ മാത്രേ
ഇവിടെ കാണാനൊക്കൂ. കുണുങ്ങി കുണുങ്ങി നടക്കുന്ന സുന്ദരി പിടകളെയൊന്നും
ഇവിടെ ഏഴയലത്ത് അടുപ്പിക്കില്ല എന്ന് സാരം.



ഇനി, എവിടുന്നാണ് ഇത്രയധികം പൂവന്‍ക്കോഴികള്‍ എന്നല്ലേ?
ഭഗവതിയുടെ പ്രീതിയുള്ള ഭക്തര്‍ വഴിപാടായിട്ടാണ് കോഴികളെ ഇവിടെ
നടയ്ക്കിരുത്തുന്നത്. കാര്യസിദ്ധിക്കായി ഇവിടുത്തെ പ്രത്യേക വഴിപാടാണിത്.
കോഴികള്‍ക്കുള്ള അന്നദാനവും കോഴിയെ പറപ്പിക്കലും ഇവിടെ വഴിപാടായുണ്ട്.

 
 

ബലിക്കല്ലിനരികിലും കൊടിമരത്തിന്റെ താഴെയും ക്ഷേത്രനടയിലും എല്ലാം
ഈ കോഴികള്‍ വഴിപാടായി ലഭിക്കുന്ന അരിമണികളും കൊത്തി, വെള്ളവും കുടിച്ച്,
കൊട്ടുവായും ഇട്ട്, സഹവാസികളുമായി കലഹിക്കാതെ സുഖമായി കഴിയുന്നു.
പുറം നാടുകളില്‍ നിന്നും വഴിപാടായി കൊണ്ട് വന്ന വരുത്തന്മാരും ഈ കൂട്ടത്തിലുണ്ട്.
ഇവറ്റകളുടെ അംഗവിക്ഷേപങ്ങളും ചെയ്തികളും കണ്ടുനില്‍ക്കുക തന്നെ ഒരു രസമാണ്.

 
 

 
എന്തായാലും സുഹൃത്തിന്റെ കല്ല്യാണം കാണാന്‍ പത്നീസമേതം പോയ എനിക്ക്
ഈ വിചിത്ര കാഴ്ചകളില്‍ ക്ലിക്കി നടന്നപ്പോള്‍ താലികെട്ട് മിസ്സായിപ്പോയി.
പൂവന്‍കോഴീ സവിധത്തില്‍ ഭഗവതിയുടെ അനുഗ്രഹത്തോടെ വിവാഹിതരായ
വരനും വധുവിനും മംഗളങ്ങള്‍ മാത്രം നേരുന്നു. കൊക്കര ക്കോ ക്കോ .....



2 comments:

Anjali Menon K said...

njan poyittundu avide... yadhrushkimaayi ethi pettathaa.... kozhikalkku kurachu arimani koduthitta ponnathu... If i am not mistaken ambalapraavukalum undu avide kure.......

JITHU (Sujith) said...

അഞ്ജലീ, ശരിയാണ് അമ്പല പ്രാവുകളും ഉണ്ട് അവിടെ...
കമന്റു പറഞ്ഞതിന് നന്ദി.