January 24, 2012

പട്ടം


"കടലിലെ തിരമാലകള്‍ എവിടെ നിന്നോ 
കാറ്റിനെ കൊണ്ടുവന്ന് തീരത്തിന് നല്‍കി;
ആ സായന്തന കാറ്റിന്റെ സാക്ഷ്യത്തില്‍, 
പ്രിയസഖിയുടെ കരം ഗ്രഹിച്ചിരുന്ന എന്റെ മനസ്സൊരു പട്ടമായി മാറി;
ഞാനറിയാതെ വിരല്‍തുമ്പില്‍ നിന്നും ആ പട്ടം
ഉയരങ്ങളിലേക്ക് പറന്നു പൊങ്ങി..."

 
പട്ടത്തിനെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍ വെറുമൊരു പഴയ കിനാവ്‌ പോലെ 
മാത്രമേ എനിക്ക് തോന്നാറുള്ളൂ; കാരണം ഒരു പട്ടം ഉണ്ടാക്കുവാനോ അതിനെ 
ശരിയാംവണ്ണം നൂലില്‍ കോര്‍ത്ത്‌ ഉയരങ്ങളില്‍ പറത്തി  നിയന്ത്രിക്കാനോ 
എനിക്കറിയുമായിരുന്നില്ല. 

കൊച്ചിയിലെ വൈപ്പിനടുത്ത് കൊഴുപ്പിള്ളി ബീച്ചില്‍ കഴിഞ്ഞ ദിവസം വരെ 
കൈറ്റ്  ലൈഫ് ഫൌണ്ടേഷന്‍ ന്റെ ആഭിമുഖ്യത്തില്‍ പട്ടം പറത്തല്‍ മേള 
അഥവാ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുകയുണ്ടായി. 


പട്ടം പറത്തല്‍ ഹോബിയാക്കിയവരും, എന്നെപ്പോലെ "പട്ടം പറത്തല്‍" ഒരു സ്വപ്നം 
മാത്രമായി കൊണ്ട് നടക്കുന്നവരും, ഈയൊരു കലയെ സ്നേഹിക്കുന്നവരും 
വളരെ ഉത്സാഹത്തോടു കൂടി ഈ മേളയുടെ ഭാഗമായി. കേരളത്തില്‍ അത്രകണ്ട്
പ്രചാരമില്ലാത്ത ഈ വിദ്യ സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്നാ ലക്ഷ്യത്തോടെ 
അവിടെ എത്തിയവരില്‍ വിദേശികളും, തെക്കേ ഇന്ത്യ ക്കാരും, പിന്നെ നമ്മുടെ സ്വന്തം 
നാടുകാരും ഉണ്ടായിരുന്നു. പരത്താന്‍ സജ്ജമായ പട്ടവും, അതിനുള്ള ചരടും 
നമുക്കവിടെ കിട്ടും. പട്ടം യഥാവിധി കെട്ടുവാനും ഉയരത്തില്‍ പരത്തുവാനുമൊക്കെ 
സഹായിക്കാന്‍ അവിടെ എനേകം പേരുണ്ട്. 

 
 
 

ആദ്യമൊക്കെ ഈ സംഭവം പറത്തിയപ്പോള്‍; ക്ഷമയുടെ നെല്ലിപ്പടി കടന്നു പോയി;
പക്ഷെ താമസിയാതെ "സംഗതിയുടെ ഗുട്ടന്‍സ് " മനസ്സിലാക്കി. 
കൂടാതെ "പട്ടം പറത്തല്‍" "പുലികള്‍" വിദൂരങ്ങളില്‍ "വിക്ഷേപിച്ച" 
കൂറ്റന്‍ പട്ടങ്ങള്‍ പിടിക്കുവാനും അവസരമുണ്ടായി. അത്രയും ഉയരത്തില്‍ പട്ടം 
പറത്തണമെങ്കില്‍ വളരെ നാളത്തെ പരിശ്രമം വേണം. അയാള്‍ മണിക്കൂറുകളോളം 
ഉയരത്തില്‍ പറക്കുന്ന പട്ടത്തിന്റെ ഇങ്ങേ അറ്റത്തുള്ള ചരടില്‍ വിശ്രമിക്കുന്നത് 
തെല്ലൊരു കൌതുകത്തോടു കൂടി മാത്രമേ എനിക്ക് നോക്കിക്കാണാന്‍ ആയുള്ളൂ.


പട്ടം പറത്തലിന്റെ രസത്തിനു പുറമേ, മേളയുടെ ഭാഗമായി 'പട്ടം നിര്‍മ്മാണ മത്സരം',
'പട്ടം പറത്തല്‍ മത്സരം' എന്നിവയും നടന്നു. 
പറത്തല്‍ മത്സരത്തില്‍ "ഡ്രോപ്പിംഗ് ", "ആംഗ്ലിംഗ് ", "ഫ്ലയിംഗ് " എന്നിങ്ങനെ മൂന്ന്
തരത്തിലായിരുന്നു. 


പട്ടങ്ങളുടെ ലോകത്തെത്തിയ പ്രതീതിയായിരുന്നു, കടപ്പുറത്ത് എത്തിയവര്‍ക്കെല്ലാം.
വാലുള്‍പ്പെടെ 50 അടി നീളമുള്ള ഹനുമാന്‍ പട്ടവും, വ്യാളി, നീരാളി, പരുന്ത്‌, നെറ്റിപ്പട്ടം 
എന്നിവയുടെ ആകൃതിയിലുള്ള പട്ടങ്ങളും കാഴ്ചക്കാരുടെ മനം കവര്‍ന്നു. 

 
 
 
 

 
കാറ്റിന്റെ കൈ പിടിച്ച് ആകാശം തൊട്ടു നില്‍ക്കുന്ന നൂറോളം പട്ടങ്ങളും, 
സാന്ധ്യ മേഘത്തിന്റെ പശ്ചാത്തലവും അതീവ ഹൃദ്യമായൊരു ദൃശ്യവിരുന്നൊരുക്കി.
കുട്ടികളും മുതിര്‍ന്നവരും പ്രായമേറിയവരും ഈ പട്ടം പറത്തിലിന്റെ രസം.


കടല്‍ തീരത്ത് പറന്നു കളിക്കുന്ന പട്ടങ്ങളെ നോക്കി പുഞ്ചിരിക്കുന്ന 
അസ്തമയ സൂര്യനും ഒരു പട്ടം പോലെ കുഞ്ഞു തിരകള്‍ക്കു മേലെ ഒഴുകി നടന്നു. 
ഒടുവില്‍ അദൃശ്യമാമൊരു ചരട് ആരോ താഴേക്കു വലിച്ചപ്പോള്‍ ചക്രവാളത്തിന്റെ 
സീമയില്‍ നിന്നും സൂര്യനും പട്ടങ്ങളും എവിടെയോ പോയൊളിച്ചു.


 നമ്മുടെയൊക്കെ മനസ്സും ഒരു പട്ടം പോലെയല്ലേ? 
സ്വപ്നങ്ങളുടെ ആകാശത്ത് അനിയന്ത്രിതമായ ഒരു പട്ടം പോലെ 
മനസ്സങ്ങിനെ പാറി നടക്കും; ലക്ഷ്യമേതുമില്ലാതെ...
ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മനസ്സിനെ നാം ഒരു ചരടില്ലാ പട്ടം പോലെ 
അഴിച്ചു വിടണം. പോകാന്‍ കൊതിക്കുന്നിടങ്ങളില്‍ യധേഷ്ട്ടം വിഹരിച്ച്
താനേ അത് തിരിച്ചു വരട്ടെ; 
അതുവരെ നമുക്ക് കാത്തിരിക്കാം, വെറുമൊരു സാക്ഷിയായി...

1 comment:

jithu.....(prajith) said...

"നമ്മുടെയൊക്കെ മനസ്സും ഒരു പട്ടം പോലെയല്ലേ?
സ്വപ്നങ്ങളുടെ ആകാശത്ത് അനിയന്ത്രിതമായ ഒരു പട്ടം പോലെ
മനസ്സങ്ങിനെ പാറി നടക്കും; ലക്ഷ്യമേതുമില്ലാതെ...
ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മനസ്സിനെ നാം ഒരു ചരടില്ലാ പട്ടം പോലെ
അഴിച്ചു വിടണം. പോകാന്‍ കൊതിക്കുന്നിടങ്ങളില്‍ യധേഷ്ട്ടം വിഹരിച്ച്
താനേ അത് തിരിച്ചു വരട്ടെ" ee varikal othiri nannayittundu tto.