December 28, 2011

അപ്‌ലോഡ്‌


ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന നമ്മളില്‍ പലര്‍ക്കും ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ട
ആവശ്യം വരാറുണ്ട്. പാട്ടുകള്‍, ഹൈ ടഫനിഷന്‍ വീഡിയോ, റസലൂഷന്‍ കൂടിയ ചിത്രങ്ങള്‍,
നാം ചെയ്ത മറ്റു വര്‍ക്കുകള്‍,... ഒക്കെ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട അവസരങ്ങള്‍ ഇന്ന്
ഒട്ടനവധിയുണ്ട്‌.
ഇ മെയിലിന്റെ കൂടെയും മറ്റു അപ്‌ലോഡ്‌ സേവനങ്ങളിലും അറ്റാച്ച് ചെയ്യുന്ന ഫയലിന്റെ
സൈസ് തീരെ പരിമിതമാണ്. ഈ അവസരങ്ങളില്‍ ഒക്കെ ഉപകാരപ്പെടുന്ന ഒരു
വെബ്സൈറ്റ് ഉണ്ട്. www.wetransfer.com
ഈയിടെ ഒരു സുഹൃത്താണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത്.

www.wetransfer.com

2 GB വരെ ഈ സൈറ്റിലേക്ക്  അപ്‌ലോഡ്‌ ചെയ്യാം.
ഇതിന്റെ ഉപയോഗരീതി വളരെ ലളിതമാണ്; രജിസ്റ്റര്‍ ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ
വേണ്ട. അപ്‌ലോഡ്‌ ചെയ്യേണ്ട ഫയല്‍ ആഡ് ചെയ്ത ശേഷം,
ഇത് ആര്‍ക്കൊക്കെ അയച്ചു കൊടുക്കണമോ അവരുടെ ഇ മെയില്‍ അഡ്രസ്‌സുകള്‍
കോമ്മ അല്ലെങ്കില്‍ സ്പേസ് മുഖേന വേര്‍തിരിച്ചു കൊടുക്കണം.
(ഒരേ സമയം 20 ഇ മെയില്‍ അഡ്രെസ്സ് വരെ കൊടുക്കാം )


അയക്കുന്ന ആളുടെ ഇ മെയില്‍ ആണ് അടുത്തതായി കൊടുക്കേണ്ടത്.
ഇത്രയും ചെയ്ത് Transfer ബട്ടന്‍ ക്ലിക്ക് ചെയ്‌താല്‍ സംഗതി കഴിഞ്ഞു!

നാം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ കണക്ഷന്‍ സ്പീഡ് അനുസരിച്ചും,
കൊടുത്ത ഫയലിന്റെ സൈസ് അനുസരിച്ചും ഫയല്‍ അപ്‌ലോഡ്‌ ആവും.
അപ്‌ലോഡ്‌ മുഴുവനാകും വരെ കാത്തിരിക്കുക, ശേഷം അയക്കുന്ന ആളിന്റെ ഇന്‍ബോക്സില്‍
വരുന്ന ഇ മെയിലില്‍ അപ്‌ലോഡ്‌ ചെയ്ത ഫയലിന്റെ ഡൌണ്‍ലോഡ് ലിങ്ക് കാണാം.
നമുക്ക് ആവശ്യമുള്ളപ്പോള്‍ ഈ ലിങ്ക് മുഖേന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
അയച്ചു കൊടുത്ത വ്യക്തികള്‍ക്കും സമാനമായ ഡൌണ്‍ലോഡ് ലിങ്ക് അടങ്ങിയ
ഇ മെയിലുകള്‍ ലഭിക്കും. ഒരു കാര്യം ശ്രദ്ധിക്കുക, ഒരിക്കല്‍ അപ്‌ലോഡ്‌ ചെയ്ത ഫയല്‍
14 ദിവസം മാത്രമേ ഈ സൈറ്റില്‍ ലഭ്യമാകൂ; ശേഷം അവ സൈറ്റില്‍ നിന്നും
തനിയെ ഡിലീറ്റ് ചെയ്യപ്പെടും. പേടിക്കണ്ട, നമ്മള്‍ ഒരിക്കല്‍ ഡൌണ്‍ലോഡ്
ചെയ്ത ഫയല്‍ അതേപടി നമ്മുടെ ഹാര്‍ഡ് ഡിസ്ക്കില്‍ നിലനിക്കും.

ഇനി വലിയ ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ട ആവശ്യം വരുമ്പോള്‍ ഇക്കാര്യം
ഉപയോഗിക്കാന്‍ മറക്കണ്ട.

(എന്നെന്നേക്കുമായി ഫയല്‍ അപ്‌ലോഡ്‌ ചെയ്ത് വയ്ക്കാനും ഈ സൈറ്റ് ന്റെ കൂടുതല്‍
സേവനങ്ങള്‍ ലഭ്യമാകാനും നമ്മള്‍ പണം മുടക്കേണ്ടതുണ്ട്,
അക്കാര്യങ്ങള്‍ ഈ സൈറ്റില്‍ തന്നെ വിശദമായി കൊടുത്തിട്ടുണ്ട്‌.)

December 23, 2011

വാഗമണ്‍ കുരിശുമല


 

കേരളത്തിലെ സ്വിറ്റ്സര്‍ലാന്റ് എന്നറിയപ്പെടുന്ന വാഗമണ്‍ മലനിരകളിലേക്ക്
ഒരു യാത്ര പോയാലോ?
ഇടുക്കി കോട്ടയം അതിര്‍ത്തിയില്‍, സമുദ്ര നിരപ്പില്‍ നിന്നും 1100 അടി ഉയരത്തില്‍
മലകള്‍ക്ക് മുകളിലായി മേഘങ്ങള്‍ക്കൊപ്പം എന്നപോലെ സ്ഥിതി ചെയ്യുന്ന ഇടമാണ്
വാഗമണ്‍; മലകയറ്റത്തിനും ട്രെക്കിങ്ങിനും പാര ഗ്ലയിടിങ്ങിനും പറ്റിയ ഇടം!

മുന്‍പ് രണ്ടു തവണ ഇവിടെ പോയപ്പോഴും, സാധാരണ എല്ലാ യാത്രികരും
കണ്ടുമടങ്ങാറുള്ള വാഗമണ്‍ മീടോസും(മൊട്ട കുന്നുകള്‍) പൈന്‍ ഫോറെസ്റും
സൂയിസൈഡ്  പൊയന്റും കണ്ട് തിരിച്ചു പോന്നു. എന്നാല്‍ ഇത്തവണ പോയപ്പോള്‍
കുരിശുമല കയറാനുള്ള ഭാഗ്യമുണ്ടായി; അതെ വാഗമണിലെ ഏറ്റവും സുന്ദരമായ സ്ഥലം...
വാഗമണ്‍ പോകുന്നവര്‍ കുരിശുമല കയറാതെ തിരിച്ചു പോകരുതെന്നെ എനിക്ക് പറയാനുള്ളൂ.
കാരണം വാഗമണിലെ സുഖശീതളമായ കാറ്റും തണുപ്പും ഏറ്റവും അനുഭവ ഹൃദ്യമാകുന്നത്
ഈ കുന്നുകള്‍ കയറിയെത്തുമ്പോഴാണ്‌.


വാഗമണ്‍ സിറ്റിയില്‍ നിന്നും 15 മിനിറ്റ് യാത്ര ചെയ്‌താല്‍ നമ്മെ സ്വാഗതം ചെയ്യുന്നത്
കുരിശുമലയിലേക്കുള്ള കവാടമാണ്. അവിടെ പാറ മുകളിലെല്ലാം യേശുദേവന്റെ
കോണ്‍ക്രീറ്റ് പ്രതിമകള്‍ കാണാം.  വലത്തോട്ട് തിരിഞ്ഞാല്‍ കുരിശുമാലയിലെക്കുള്ള
യാത്ര തുടങ്ങാം. പോകുന്ന വഴിനീളെ യേശുദേവന്റെ "കുരിശിന്റെ വഴിയിലെ" പ്രസിദ്ധങ്ങളായ
"14 സ്ഥലങ്ങള്‍" സ്മരിക്കുന്ന നിര്‍മ്മിതികള്‍ കാണാം. ഓരോ "സ്ഥലത്തും" അദ്ദേഹം
നമ്മോടു പറഞ്ഞ വേദ വാക്യങ്ങള്‍ എഴുതി വച്ചിട്ടുണ്ട്, അതെല്ലാം വായിച്ച് പതിയെ
ഓരോ ചെറിയ പാറ കുന്നുകളും നടന്നു കയറുമ്പോള്‍ വേറൊരു ലോകത്തേക്ക്
കയറുകയാണോ എന്ന് തോന്നും.
നാല് ദിക്കിലും മേഘാവൃതമായ ആകാശവും അനന്തതയും മാത്രം.


ചെറിയ ഇടെവേളകള്‍ എടുത്തു നടന്നു കയറിയാല്‍ നമുക്ക് എളുപ്പം കുരിശുമലയുടെ
ഏറ്റവും മുകളില്‍ എത്താം. അവിടെയെത്തുമ്പോള്‍ കാണുന്ന കാഴ്ച
വാക്കുകള്‍ക്കതീതമാണ്. ഭൂമിയുടെ നെറുകയില്‍ കയറി ആകാശത്തെ തൊടാന്‍
ചെന്നെത്തിയ ഒരു കൊച്ചു കുട്ടിയെ പോലെ നമ്മള്‍. കിതച്ചെത്തിയ നമ്മളെ
അവിടുത്തെ കാഴ്ചകള്‍ ശാന്തമാക്കും. ചിന്തകളും മനസ്സും ശാന്തം, ലാളിത്യത്തിന്റെ
പ്രതീകം പോലെ ഒരു ചെറിയ പള്ളി ഏറ്റവും മുകളില്‍, ചുറ്റും ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെയും
മറ്റും പ്രതിമകള്‍... ആ മലമുകളില്‍ നില്‍ക്കുമ്പോള്‍;
ഈ അനന്തതയില്‍  മനുഷ്യന്‍ എത്രയോ നിസ്സാരനെന്നു
ദേവാലയത്തിന് മുന്‍പില്‍ ആരോ കത്തിച്ചുവച്ച മെഴുകു തിരികള്‍
വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു...


പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും, വാഗമണ്‍ മലനിരയിലെ തണുപ്പും,
സഹ്യന്റെ കവിളിണ തഴുകി വരുന്ന കുളിര്‍ കാറ്റും ഏറ്റുകൊണ്ട് എത്രനേരം വേണമെങ്കിലും
അവിടെ ഇരിക്കാം..


ക്രൈസ്തവ മത വിശ്വാസികളായ ഒരു കൂട്ടം സന്യാസിമാര്‍ താമസിക്കുന്ന ആശ്രമം ഉണ്ട്
ഈ മലമുകളില്‍, ഇവിടം പരിപാലിക്കുന്നതും ഇവരാണ്. സാധാരണയായി
വിനോദ സഞ്ചാരികള്‍ ആണ് കുരിശുമലയില്‍ കൂടുതലും വരുന്നത് എങ്കിലും
ഈസ്റര്‍ ദിനത്തില്‍ വലിയ മരക്കുരിശും തോളിലേന്തി അനേകം മതവിശ്വാസികള്‍
ഈ മല കയറുന്നത് ഒരു പുണ്യമായി കരുതുന്നു, പ്രത്യേകം പ്രാര്‍ത്ഥനയും
ഈ ദിനത്തില്‍ ഇവിടെ നടക്കാറുണ്ട്. എന്തായാലും ക്രിസ്മസ് സമാഗതമായ ഈ
മാസത്തില്‍ തന്നെ ഇവിടം സന്ദര്‍ശിക്കാനായതില്‍ അതീവ സന്തോഷമുണ്ട്..



ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇനിയുമുണ്ട് ഇതുപോലുള്ള ഉയരങ്ങള്‍ ഈ വാഗമണില്‍.
ഡിസംബര്‍ ജനുവരി മാസമാണ് വാഗമണ്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പലരും
ഒരു ദിവസത്തെ യാത്രയില്‍ ഒതുക്കി തിരികെ വരുന്ന ഇടമാണ് ഇവിടെ,
പക്ഷെ ഇനി പോകുമ്പോള്‍ ഒരു രാത്രിയെങ്കിലും അവിടെ താങ്ങണം.
മൊട്ടക്കുന്നുകളും പൈന്‍ മരങ്ങളും മതിവരുവോളം കണ്ട് കുരിശുമലയും കയറി,
തേയില തോട്ടങ്ങളുടെ വശ്യത നുകര്‍ന്ന്
കുളിര്‍കാറ്റില്‍ മഞ്ഞിന്റെ മേമ്പൊടിയില്‍ ഒരുപിടി ദിനങ്ങള്‍ അവിടെ ചിലവിടണം...


എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

തൃശൂരില്‍ നിന്നും വരുന്നവര്‍ അങ്കമാലിയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ്
പെരുമ്പാവൂര്‍ വഴി മൂവാറ്റുപുഴയില്‍ എത്തുക.
(എറണാകുളത്ത് നിന്നും വരുന്നവര്‍ തൃപ്പൂണിതുറ-കോലഞ്ചേരി വഴി മൂവാറ്റുപുഴയില്‍ എത്തുക.)

മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയിലെത്തി ഈരാറ്റുപേട്ട വഴി വാഗമണില്‍ എത്തിച്ചേരാം.
ദൂരം : തൃശൂര്‍ -> വാഗമണ്‍ 140 കിലോമീറ്റര്‍
ദൂരം : എറണാകുളം -> വാഗമണ്‍ 102 കിലോമീറ്റര്‍ 


December 21, 2011

മേലാറ്റൂര്‍



കഴിഞ്ഞ മാസം കുടുംബസമേതം മലപ്പുറത്ത്‌ പോയപ്പോഴാണ് ഈയൊരു
റെയില്‍വേ സ്റ്റേഷന്‍ കണ്ടത്.
സ്ഥലം പെരിന്തല്‍മണ്ണയ്ക്കടുത്ത് മേലാറ്റൂര്‍.
ഇതിനെതാ ഇത്ര വിശേഷം എന്നല്ലേ? പറയാന്‍ മാത്രമൊന്നുമില്ല, പക്ഷേ
നാം ഇതുപോലെ ഒരു സ്റ്റേഷന്‍ അടുത്തെങ്ങും കണ്ടിട്ടുണ്ടാവില്ല.
വളരെ വളരെ പഴയ ഒരു സ്റ്റേഷന്‍.

തൃശൂരില്‍ നിന്നും ഷോര്‍ണൂര്‍-ഒറ്റപ്പാലം വഴി കാറോടിച്ചു പോയ എനിക്ക്
ഒരു അന്തിക്കാടന്‍ ചിത്രത്തിന്റെ സെറ്റിലൂടെ യാത്ര പോയ ത്രില്ലില്‍ നിന്നും
മുക്തനാവും മുന്‍പേ ആണ്, യാത്രയുടെ അന്ത്യയാമത്തില്‍ ഇങ്ങനെയൊരു
കാഴ്ച കിട്ടിയത്; പെട്ടെന്ന് പ്രിയന്റെ സെറ്റില്‍ എത്തിയപോല !


അതെ, ശരിക്കും ഒരു പ്രിയദര്‍ശന്‍ ചിത്രത്തിന്റെ സെറ്റ് പോലെയാണ്
മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഒരു വശം പഴയൊരു റെയില്‍വേ കെട്ടിടം
വളരെ ഭംഗിയായി  മഞ്ഞയും പച്ചയും ചേര്‍ന്ന നിറത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു.
മറുവശത്ത് കോട മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍.
ഇടയില്‍ സമാന്തരത്തില്‍ മാര്‍ജിന്‍ ഇട്ടപോലെ തീവണ്ടിപ്പാത !
അങ്ങകലെയായി ഒരു ചെറിയ വളവു തിരിഞ്ഞ് പുകയുയര്‍ത്തി  ഒരു തീവണ്ടി വരുന്നുണ്ട്.
മഞ്ഞിന്റെ സാന്നിധ്യം അപ്പോഴും ആ കാഴ്ചയെ തെല്ലൊന്നു മറയ്ക്കുന്നു...
ഒരുപക്ഷെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ എത്തിച്ചേരുന്ന നായകന്‍
ഈ വണ്ടിയില്‍ ഉണ്ടായേക്കും...
അയാളെ കാത്തു നില്‍ക്കുന്ന ചുവന്ന പട്ടുപാവാടയുടുത്ത നീണ്ട മിഴികലുള്ള ആ നായികയെ
ഞാനാ പ്ലാറ്റ് ഫോമില്‍ തിരഞ്ഞു, പക്ഷേ കണ്ടില്ല :)

 

 



അതി രാവിലെയുള്ള ഈ സീന്‍ പകര്‍ത്താന്‍ വേണ്ടി ഒരു രാത്രി
എനിക്ക് കാത്തിരിക്കേണ്ടി വന്നു. എങ്കിലും വേറിട്ടൊരു അനുഭവമായിരുന്നു
ഈ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍.

ഇന്ത്യയില്‍ തന്നെ ഏറ്റവും ചെറിയ
ബ്രോഡ് ഗേജുകളില്‍ ഒന്നാണ് ഇതിലൂടെ കടന്നുപോകുന്നത്.
ഷോര്‍ണൂര്‍ മുതല്‍ നിലംബൂര്‍ വരെ ഒറ്റവരിയായി ഉള്ള ഈ പാത
കടന്നു പോകുന്നത് മേലാറ്റൂര്‍ വഴിയാണ്.
വിരലില്‍ എന്നാവുന്നത്ര പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം പച്ചക്കൊടി വീശുന്ന
ഈ സ്റ്റേഷന്‍ വളരെ മനോഹരവും കൌതുകവുമായിട്ടാണ് എനിക്ക് തോന്നിയത്.



പെരിന്തല്‍മണ്ണ യില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് മേലാറ്റൂര്‍.

ഷോര്‍ണൂര്‍ നിന്നും നിലംബൂര്‍ കാണാന്‍ പോകുന്ന സഞ്ചാരികള്‍ക്ക്
ഈ പാതയിലൂടെ ഏറ്റവും എളുപ്പം അവിടെ എത്തിച്ചേരാം, മാത്രമല്ല
മേലറ്റൂരിലെ ; ഇരുവശവും തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെയുള്ള 
തീവണ്ടി യാത്രയും ആസ്വതിക്കാം;
ഒരു അമ്യുസ്മെന്റ്  പാര്‍ക്കിലെ വിര്ച്ചല്‍ ഫോറെസ്റ്റ് റൈഡ് പോലെ...

November 23, 2011

കടവല്ലൂര്‍ അന്യോന്യം

 വേദങ്ങള്‍ക്കും മന്ത്രങ്ങള്‍ക്കും പുകള്‍കൊണ്ട നമ്മുടെ ഭാരതത്തില്‍
ഈ അമൂല്യമായ അറിവിനെ കാത്തു രക്ഷിക്കാനും വരും തലമുറയ്ക്ക്
പകര്‍ന്നു നല്‍കാനും ഉള്ള ശ്രമങ്ങള്‍ ഇന്ന് വിരളമാണ്. എന്നാല്‍
നമ്മുടെ ഈ കേരളത്തില്‍ എന്റെ സ്വന്തം നാടായ തൃശ്ശൂരില്‍ "കടവല്ലൂര്‍ അന്യോന്യം"
എന്നൊരു സമ്പ്രദായം വര്‍ഷം തോറും നടത്തി വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
"അന്യോന്യം" എന്ന സംഭവത്തെക്കുറിച്ച് അറിയാന്‍ ശ്രമിച്ചെങ്കിലും
ആര്‍ക്കും തൃപ്തികരമായ മറുപടി നല്‍കാനായില്ല. ഒടുവില്‍ അന്വേഷണം
ചെന്നെത്തിയത് സാക്ഷാല്‍ "കടവല്ലൂര്‍ അന്യോന്യം" വേദിയിലാണ്.



ഈയിടെ യാദൃശ്ചികമായി കിട്ടിയ അവസരത്തില്‍ കുറച്ചു സമയം
അന്യോന്യ വേദിയില്‍ പ്രേക്ഷകനാവാനുള്ള ഭാഗ്യമുണ്ടായി;
അതെ, ഋഗ്വേദം, ഉപനിഷദ്, തര്‍ക്കം, വ്യാകരണം, പദവിഭജനം,
പ്രയോഗം എന്നിവയുടെ സംഗമവേദി...


 തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് നിന്നും കോഴിക്കോട് റൂട്ടില്‍ 10 കിലോമീറ്റര്‍
അകലെയാണ് കടവല്ലൂര്‍ എന്ന ഗ്രാമം. ഇവിടുത്തെ ശ്രീരാമസ്വാമി ക്ഷേത്ര
അങ്കണത്തിലാണ്‌ വര്‍ഷം തോറും, വൃശ്ചിക മാസത്തിലെ ആദ്യത്തെ രണ്ട്
ആഴ്ചകളിലായി "കടവല്ലൂര്‍ അന്യോന്യം" നടത്തി വരുന്നത്. മലയാളത്തിന്റെ
പ്രിയപ്പെട്ട കവി ശ്രീ അക്കിത്തം ആണ് കടവല്ലൂര്‍ അന്യോന്യ പരിഷത്തിന്റെ സാരഥി.


വേദം പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അറിവും കഴിവും അളക്കുന്ന അവസാനത്തെ
പരീക്ഷണ ഘട്ടമായി കടവല്ലൂര്‍ അന്യോന്യത്തെ കണക്കാക്കാം. ഉപനയനത്തിനു ശേഷം
ഋഗ്വേദം പഠിക്കാന്‍ തുടങ്ങുന്ന ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്നമാണ് അന്യോന്യത്തിലെ
"വലിയ കടന്നിരിക്കല്‍' എന്ന പദവി സ്വന്തമാക്കുക എന്നത്.

എന്താണ് അന്യോന്യം? എന്തിന്?

പുരാതന കാലം മുതലേ കേരളത്തില്‍ ഋഗ്വേദം പഠിപ്പിച്ചിരുന്ന രണ്ട് പാഠശാലകളാണ്
തിരുന്നാവായ ബ്രഹ്മസ്വം മഠവും തൃശ്ശിവപേരൂര്‍ ബ്രഹ്മസ്വം മഠവും. തിരുന്നാവായക്കാരെ
കോഴിക്കോട്ടെ സാമൂതിരി രാജാവും തൃശ്ശിവപെരൂര്‍കാരെ കൊച്ചി രാജാവും പിന്തുണച്ചു പോന്നു.
ഈ പാഠശാലകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളാണ്   കടവല്ലൂര്‍ അന്യോന്യത്തില്‍ വേദമെന്ന
അറിവിന്റെ മാറ്റ് നോക്കുന്നത്.

"അന്യോന്യം" എന്ന വാക്കിനര്‍ത്ഥം "പരസ്പരം"; അതെ വേദത്തിന്റെ പ്രയോഗവും തര്‍ക്കവും
എല്ലാം ഇരു വിഭാഗവും പരസ്പരം ഉരുവിട്ട് മാറ്റുരക്കുകയാണിവിടെ. ഒരു പാഠശാലയെ
പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥി എതിര്‍ സ്ഥാനക്കാര്‍ പറയുന്ന വേദ സംഹിതകള്‍
തെല്ലും തെറ്റാതെ ക്രമമായി ഈണത്തില്‍ ഉരുവിടണം. ഇതില്‍ എന്തെങ്കിലും തെറ്റുകള്‍
വരുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഒരുക്കൂട്ടം വിദ്വാന്‍മാരുടെ സദസ്സും കൂടെയുണ്ടാവും.
വിജയികള്‍ക്ക് പ്രത്യേകം പദവികള്‍ കൊടുക്കുന്നുണ്ട് അന്യോന്യ സദസ്സ്.
"കടന്നിരിക്കല്‍", "വലിയ കടന്നിരിക്കല്‍" തുടങ്ങിയവയാണ് ഇത്.


വേദങ്ങളുടെ നിലനില്‍പ്പിനു വേണ്ടി മാത്രമല്ല അന്യോന്യം നടത്തുനത്. അവയുടെ പ്രയോഗത്തിലും
ഉച്ചാരണത്തിലും പാരമ്പര്യമായി അനുവര്‍ത്തിച്ചു പോരുന്ന ഘടകങ്ങള്‍ ഒട്ടുംതന്നെ
നശിച്ചുപോകാതെ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനുള്ള, പൂര്‍വികരുടെ ശ്രമമാണ്
ഇന്നും നടന്നു പോരുന്ന കടവല്ലൂര്‍ അന്യോനം.

തയ്യാറെടുപ്പ്.

നീണ്ട ആറു വര്‍ഷത്തെ ഋഗ്വേദ പഠനത്തിനൊടുവില്‍  "വാരമിരിക്കല്‍" കഴിഞ്ഞ്  തിരഞ്ഞെടുക്കപ്പെട്ട
മിടുക്കര്‍ മാത്രമാണ് കടവല്ലൂര്‍ അന്യോന്യത്തില്‍, ക്രിയാത്മകമായൊരു മത്സരബുദ്ധിയോടെ
പങ്കെടുക്കാന്‍ ഇവിടെയെത്തുന്നത്. പഠനകാലത്തിന്റെ ആദ്യ പാദത്തില്‍ "ഋഗ്വേദ സംഹിത"
മുഴുവനായും മനപാഠമാക്കുന്ന ഇവര്‍ രണ്ടാം പാദത്തില്‍ "പദവിഭജനം" പരിശീലിച്ച ശേഷമാണ്
"പ്രയോഗം" എന്ന സ്ഥിതി വിശേഷത്തിലേക്ക് കടക്കുന്നത്‌. "വാരം" , "ജത" , "രത" എന്നീ
മൂന്ന് പ്രയോഗ രീതികളാണ് കേരളത്തില്‍ ഉള്ളത്. പ്രയോഗത്തിന്റെ അടിസ്ഥാനം എന്നത്;
നിശ്ചിത ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ, ശാസ്ത്രീയമായി അനുവദിക്കുന്ന വ്യതിയാനങ്ങളില്‍
വേദത്തിലെ വാക്കുകളും വാക്യങ്ങളും മനോധര്‍മ്മത്തിനു അനുരൂപമായി ഉരുവിടുക എന്നതാണ്.
ഉരുവിടലിനോടൊപ്പം തന്നെ ചൊല്ലുന്ന വാക്കുകളുടെ കൃത്യതയും വ്യക്തതയും ഈണവും
എന്നുവേണ്ട, കൈ വിരലിന്റെയും ശിരസ്സിന്റെയും ചലനങ്ങള്‍ വരെ സൂക്ഷ്മമായി
നിരീക്ഷിച്ച ശേഷമാണ് അന്യോന്യത്തിലെ വിജയികളെ നിര്‍ണ്ണയിക്കുന്നത്.


ഈ അന്യോന്യത്തില്‍ വരുമ്പോള്‍, മത്സരബുദ്ധിയുടെ തീവ്രത പോകാതിരിക്കാന്‍
ഇരു വിഭാഗക്കാര്‍ തമ്മില്‍, അന്യോന്യം തീരും വരെ ഒരു തരത്തിലുള്ള ലോഹ്യവും
വേദിക്ക് പുറത്തും ഉണ്ടാക്കാറില്ല എന്നത് കൌതുകകരമാണ്. 
"വാരമിരിക്കല്‍" പൂര്‍ത്തിയാക്കിയ ശേഷം "ജതയും രതയും" തനിയെ ഉരുവിട്ട് കഴിയുന്നവര്‍ക്ക്
"കടന്നിരിക്കല്‍' എന്ന പദവി നല്‍കുന്നു. തുടര്‍ന്നുള്ള കടമ്പയും വിജയകരമായി
പൂര്‍ത്തിയാക്കുമ്പോള്‍ "വലിയ കടന്നിരിക്കല്‍" എന്ന ബഹുമതിയും ലഭിക്കും. ഏറെ
പ്രയാസമാണത്രെ ഈ അവസാന കടമ്പ.

സത്യത്തില്‍ ഈ മത്സരങ്ങളാണ് അന്യോന്യത്തില്‍ പ്രസക്തങ്ങള്‍ എങ്കിലും,
വേദങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചകളും പ്രബന്ധങ്ങളും വാക്യാര്‍ത്ഥ സദസ്സുകളും
എല്ലാം ഈ ദിവസങ്ങളില്‍ അന്യോന്യ വേദിയില്‍ അരങ്ങേറും.
കൂടാതെ കലാപരിപാടികളും കാണാം. 

 

ഇപ്പോള്‍ വൃശ്ചികമാസം തുടങ്ങിയതെ ഉള്ളൂ , മേല്പറഞ്ഞ കാര്യങ്ങള്‍ നേരിട്ടറിയാനും
കാണാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട് ഈ വര്‍ഷത്തെ
കടവല്ലൂര്‍ അന്യോന്യം തീരുവാന്‍( 2011 നവംബര്‍ 12  മുതല്‍ 26 വരെ )

എങ്ങിനെ ഇവിടെ എത്തിച്ചേരാം?

എറണാകുളത്ത് നിന്നും വരുന്നവര്‍ NH-47 വഴി തൃശൂരില്‍ വന്ന് അവിടെ നിന്നും
കുന്ദംകുളത്ത് എത്തുക. കുന്ദംകുളം -കോഴിക്കോട് റൂട്ടിലേക്ക് തിരിഞ്ഞു 10 കിലോമീറ്റര്‍
യാത്ര ചെയ്‌താല്‍ കടവല്ലൂരില്‍ എത്താം. അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞാല്‍
അന്യോന്യം നടക്കുന്നിടത്ത് എത്തിച്ചേരാം.

ഭാരതത്തിന്റെ സംസ്കൃതിയെ വിളിച്ചോതുന്ന ഇത്തരം യത്നങ്ങളെ പറ്റി നാം അറിഞ്ഞിരിക്കണം.
നമ്മുടെ സംസ്കാരത്തിന്റെ ഒരു വലിയ ശേഷിപ്പ് നഷ്ട്ടപ്പെടാതിരിക്കാനും, വേദപ്പൊരുളിന്റെ
അര്‍ത്ഥ വ്യാപ്തിയും സൗന്ദര്യവും ഞാനടങ്ങുന്ന തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും
ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ എന്നും വിജയം കാണട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അതിരാത്രവും തന്ത്ര വിദ്യകളും യാഗങ്ങളും എല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്.
ഈ ബ്ലോഗില്‍ തന്നെ, പണ്ട് ഇക്കാര്യങ്ങളെ കുറിച്ച് ഞാന്‍ എഴുതിട്ടുണ്ട്.

November 20, 2011

പുതുമ


 ഈയിടെ ഒരു ചിന്ത, പോയ്‌ മറയുന്ന ദിവസങ്ങളെപ്പറ്റി.
ആവര്‍ത്തന വിരസമായ കുറച്ചു ദിവസങ്ങളാവാം എന്നെയീ ചിന്തയിലേക്ക് നയിച്ചത്.
ആലോചിച്ചപ്പോള്‍ ശരിയാണ്, ചെയ്തുപോന്ന ദിനചര്യകള്‍ തന്നെ വീണ്ടും വീണ്ടും
ചെയ്യുമ്പോള്‍ വിരസമാകുന്നു, ജീവിതത്തിന്റെ പുതുമ എവിടെയോ നഷ്ട്ടപ്പെടുന്ന പോലെ.
എങ്ങിനെ ഈയൊരു അവസ്ഥയില്‍ നിന്നും മോചിതനാകും
എന്ന് കരുതി നില്‍ക്കുമ്പോഴാണ് പണ്ട് വായിച്ചറിഞ്ഞ കുറച്ചു കാര്യങ്ങള്‍
ഓര്‍മ്മയില്‍ വന്നത്. അതൊക്കെയൊന്നു പൊടി തട്ടിയെടുക്കുന്നതോടൊപ്പം
മനസ്സിലെ ചില ആശയങ്ങളും ഞാനിവിടെ കുറിച്ചിടട്ടെ...

പുതുമ. 
അതെ, എന്നും പുതുമ തേടുന്നവരാണ് നമ്മളൊക്കെ.
എന്നാല്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍, ജോലിയുടെ ഭാരങ്ങള്‍ മാറ്റിവച്ച്
നമുക്ക് നമ്മള്‍ ആഗ്രഹിച്ചപോലെ ജീവിക്കാന്‍ പലപ്പോഴും സാധിക്കാറില്ല.
ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ, ഒന്നിനും സമയമില്ല, ജീവിതം ആകെ
ബോറാകുന്നു എന്നൊക്കെ? ഞാന്‍ അടക്കമുള്ള ഇന്നത്തെ സമൂഹത്തിന്റെ ഒരു
പ്രധാന പ്രശ്നം തന്നെയാണിത്. ജീവിതത്തിനൊരു പുതുമ.


പുതിയ വീട്‌വയ്ക്കുമ്പോഴോ, വിവാഹം നടക്കുമ്പോഴോ, പുതിയ വാഹനം സ്വന്തമാക്കുമ്പോഴോ,
കുട്ടികള്‍ ജനിക്കുമ്പോഴോ, പുതിയ ജോലി കിട്ടുമ്പോഴോ ഒക്കെ നമ്മുടെ ജീവിതത്തില്‍
ഉണ്ടാകുന്ന പുതുമയേറിയ ദിനങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ? ഇവയില്‍ ചിലതൊക്കെ നമ്മള്‍
അനുഭവിചിട്ടുള്ളതുമായിരിക്കും. എന്നാല്‍ പെട്ടെന്ന് തന്നെ, ഇന്ന് അവയൊക്കെ പഴക്കമുള്ള
കാര്യങ്ങളായി മാറി. പിന്നെ അക്കാര്യങ്ങളൊക്കെ ജീവിതത്തില്‍ എന്നും സംഭവിക്കുന്ന
കാര്യങ്ങളുമല്ല. അപ്പോള്‍ പിന്നെ എങ്ങിനെ ജീവിതത്തിലുടനീളം പുതുമ നിലനിര്‍ത്താന്‍ കഴിയും?

ഞാനും ശ്രമിക്കുകയാണ്, നിങ്ങളെപ്പോലെ;
ഇതിനായി ആദ്യം വേണ്ടത് "ജീവിതം മനോഹരമാണ്' എന്ന തോന്നലാണ്.
എന്നാല്‍ പിന്നെ ഈ മനോഹര തീരത്തെ കാര്യങ്ങള്‍ ഒന്നൊന്നായി നമുക്ക്
പഠിച്ചു തുടങ്ങിയാലോ? മനസ്സിലായില്ല അല്ലെ? പറയാം...
ദിനരാത്രങ്ങളിലെ മടുപ്പ് ഒഴിവാക്കാന്‍ നമുക്ക് എന്നും ഒരു പുതിയ കാര്യം പഠിക്കാം.
"അല്ലെങ്കില്‍ തന്നെ തിരക്കാണ്, അതിനിടയിലാണ് ഇനി പുതിയ കാര്യം പഠിക്കാന്‍ പോവുന്നത്"
സത്യം പറയൂ, മനസ്സില്‍ നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചില്ലേ? ശരി, കുറച്ചു കൂടി ഫ്ലെക്സിബിള്‍ ആവാം.
നമുക്ക് ഇഷ്ട്ടപ്പെട്ട വിഷയങ്ങളോ, അല്ലെങ്കില്‍ കൌതുകം നിറഞ്ഞ എന്തെങ്കിലും കാര്യങ്ങള്‍
ആഴ്ചയില്‍ ഒരെണ്ണം എന്ന മുറയ്ക്ക് നമുക്ക് പഠിക്കാന്‍ ശ്രമിക്കാം. മനപ്പാഠം അക്കുക്ക എന്നല്ല
ഉദ്ദേശിച്ചത് കേട്ടോ. പുതിയ എന്തെങ്കിലും അറിവ്, അത് നമ്മള്‍ തന്നെ തെരെഞ്ഞെടുക്കുക്ക.
വലിയ വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യേണ്ട, നമ്മള്‍ ഇതുവരെ ചെയ്യാത്ത ഒരു കാര്യം, അല്ലെങ്കില്‍
പണ്ടെപ്പോഴോ ഉപേക്ഷിച്ച ഒരു ഹോബി, പാചകം, ഡ്രൈവിംഗ്, സംഗീതം, സാഹിത്യം,
കളികള്‍, പുതിയ ഭാഷകള്‍, യാത്രകള്‍... ഈ ആകാശത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും...
പുസ്തകങ്ങളോ ഇന്റര്‍നെറ്റ്‌ പോലെയുള്ള മാധ്യമങ്ങള്‍ മാത്രമല്ല നമ്മുടെ വഴികാട്ടികള്‍,
പ്രകൃതിയില്‍ നിന്നോ, കുട്ടികളില്‍ നിന്നോ, മുതിര്‍ന്നവരില്‍ നിന്നോ ഒക്കെയാവാം...

സമഗ്രമായി ഗ്രഹിക്കുകയോന്നും വേണ്ട, ചുമ്മാ ഒരു രസത്തിനു ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു
സമയം മാറ്റി വയ്ക്കുക, എന്നിട്ട് ഗ്രഹിച്ച കാര്യത്തെപ്പറ്റി  എവിടെയെങ്കിലും ചുമ്മാ കുറിച്ചിടുക.
കാലം കടന്നു പോകുമ്പോള്‍ നമ്മുടെ മനസ്സും വളരും, നാളുകള്‍ക്കപ്പുറം നമ്മളെ
കടന്നുപോയ വിഷയങ്ങളിലൂടെ പുതുമയുടെ മറ്റൊരു ലോകത്തെത്താനായെക്കും.

ഇനി,  നമുക്ക് പരീക്ഷിക്കാവുന്ന കുറച്ചു ആശയങ്ങള്‍ കൂടി പറയാം.

1 . അറിയാത്ത ഒരു ഭാഷ പഠിക്കാന്‍ ശ്രമിക്കുക.
2 . യോഗ ശീലിക്കാന്‍ തുടങ്ങുക.
3 . പാചകം ചെയ്യാന്‍ ശ്രമിച്ചു നോക്കുക.
4 . നിരന്തരം ടി വി കാണുന്ന ശീലം ഉപേക്ഷിക്കാന്‍ ശ്രമിക്കുക.

5 . അടച്ചിട്ട മുറിക്കുള്ളില്‍ നിന്നും ചുമ്മാ പുറത്തിറങ്ങി നടക്കുക. രാവിലെയോ, സായാഹ്നത്തിലോ 
ആവാം സവാരി. പക്ഷെ ഒരു കാര്യം, ചെരുപ്പ് ധരിക്കരുത് !
പുതുമ ആഗ്രഹിക്കുന്നവര്‍ പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യാതെ തന്നെ, ദിനവും ചെയ്യുന്ന
കാര്യങ്ങളില്‍ ചെറിയ വ്യത്യാസം വരുത്തിയാലും രസകരമായിരിക്കും.

6 . ചെറിയ ഇടവേളകളില്‍ യാത്ര ശീലമാക്കുക.
7 . വ്യായാമം ശീലമാക്കുന്നതും നല്ല കാര്യമാണ്. (എനിക്കും ആഗ്രഹമുണ്ട് :) )

8 . ഒരു ദിവസമെങ്കിലും തിരക്ക് പിടിക്കാതെ ജീവിക്കാന്‍ ശ്രമിക്കുക. 
ഈയിടെ ഒരു പുസ്തകം വായിച്ചു, ഏകനാഥ്‌ ഈശ്വര്‍ ആ പുസ്തകത്തില്‍
സമയമെടുത്ത്‌ ജീവിക്കാനാണ് പറയുന്നത്; തിരക്കിടാതെ.
Take Your Time എന്നാണ് ആ പുസ്തകത്തിന്റെ പേര്.

9 . ഒരിക്കലെങ്കിലും നമ്മുടേത്‌ മാത്രമായ ലോകത്ത് നിന്നും മാറി സഹജീവികള്‍ക്ക് നന്മ 
ചെയ്യാനുള്ള അവസരം തേടുക. അവരിലേക്ക്‌ ഇറങ്ങി ചെന്ന് അവരോടൊപ്പം അവരില്‍ ഒരാളാവുക.

10 . സഹായം അര്‍ഹിക്കുന്നവര്‍ക്ക്, അത് ചെയ്തു കൊടുക്കാനുള്ള യത്നങ്ങളില്‍ നേതൃത്വം വഹിക്കുക.

11 . കുട്ടികളോടൊത്ത് കളിക്കാനും വയസ്സായവരുടെ കൂടെ സമയം ചിലവിടാനും ശ്രമിക്കുക.

12 . നമ്മുടെ കഴിവുകള്‍ മിനുക്കിയെടുക്കാന്‍ ശ്രമിക്കുക.

13 . ആത്മീയ കാര്യങ്ങള്‍ അനുഷ്ട്ടിക്കാനും വായിച്ചറിയാനും സമയം കണ്ടെത്തുക.

14 . കുറച്ചു സമയമെങ്കിലും മറ്റെല്ലാ കാര്യങ്ങളും ചിന്തകളും മാറ്റിവച്ച്, നിശ്ചലമായി ഇരിക്കുക.

15 . ജോലിക്ക് പോകുമ്പോള്‍ തിരക്കില്ലാത്ത ദിവസങ്ങളില്‍, സ്ഥിരമായി പോകുന്ന റൂട്ട് മാറ്റി മറ്റൊരു
വഴി പരീക്ഷിച്ചു നോക്കുക.



16 . ഈ നിമിഷത്തില്‍ ജീവിക്കാന്‍ പഠിക്കുക. ഇന്നലെകളിലെ വിഷമങ്ങളും 
നാളെയുടെ വേവലാതികളും മറന്നു, ഇന്ന് ഇപ്പോള്‍ ഈ നിമിഷത്തില്‍ ജീവിക്കാന്‍ ശ്രമിക്കുക...
വിഷമങ്ങള്‍ വരുമ്പോള്‍ കരയുവാനും സന്തോഷം വരുമ്പോള്‍ ഉള്ള്‌ തുറന്നു ചിരിക്കുവാനും
നമുക്ക് സാധിക്കട്ടെ.

ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം പറയാന്‍ ഞാന്‍ ആളല്ല; എല്ലാം എന്റെ മാത്രം
ആശയങ്ങളുമല്ല. നല്ലതെന്ന് തോന്നുന്നെങ്കില്‍ മാത്രം ഈ യാത്രയില്‍ നിങ്ങളും പങ്കുചേരുക.
നമുക്കൊന്നിച്ച്‌ ശ്രമിക്കാം, നമ്മളില്‍ തന്നെ മാറ്റത്തിന്റെ പുതുമ കൊണ്ടുവരാന്‍...


November 05, 2011

അഞ്ചല്‍


ഈയിടെ ഒരു തപാല്‍ ദിനം കൂടി കടന്നുപോയി.
അപ്പോഴാണ്‌ ഓര്‍ത്തുപോയത് , പണ്ടത്തെ "കത്തെഴുത്തിന്റെ" കാലത്തെപ്പറ്റി.
"എഴുത്ത്" എഴുതുക എന്നതായിരുന്നു ആ സമ്പ്രദായം.
നമ്മളില്‍ പലരും ആ ഒരു കാലത്തിലൂടെ കടന്നു വന്നവരാണെങ്കിലും 
ഇന്ന് ഒരു കത്തെഴുതുവാന്‍ നമുടെ കൈ വഴങ്ങുമോ, അറിയില്ല !
സ്വന്തം കൈപ്പടയില്‍ കത്തെഴുതി കവറിലിട്ട് സ്റ്റാമ്പ്‌ ഒട്ടിച്ച് മേല്‍വിലാസമെഴുതി 
തപാല്‍പെട്ടി അഥവാ അഞ്ചല്‍ പെട്ടിയില്‍ കൊണ്ടിട്ടതിനു ശേഷം 
ഏറെ നാളുകള്‍ കാത്തിരിക്കണം അത് മേല്‍വിലാസക്കാരന് എത്തി ചേരാന്‍.
അതിവേഗം ബഹുദൂരത്തിലോടുന്ന ഇന്നത്തെ ലോകത്ത് ചിലര്‍ക്കൊക്കെ ഇത് 
ചിന്തിക്കാനേ കഴിയില്ലായിരിക്കും. ശരിയാണ്; ഞൊടിയിടയില്‍ ലൈവ് ആയി 
കണ്ടും കെട്ടും ആശയവിനിമയം സാധ്യമാവുന്ന ഇക്കാലത്ത് കത്തിടപാടുകള്‍ക്കു 
വലിയ പ്രസക്തിയൊന്നുമില്ല. പക്ഷേ മെനക്കെട്ടിരുന്നു കത്തെഴുതുമ്പോഴും,
നിനച്ചിരിക്കാത്ത നേരത്ത് അഞ്ചല്‍കാരന്‍ കൊണ്ടെത്തിക്കുന്ന കത്തുകള്‍ 
വായിക്കുമ്പോഴും കിട്ടുന്ന സുഖം ഇ-മെയിലുകള്‍ക്കോ എസ് എം എസ്സുകള്‍ക്കോ
നല്‍കാനാവില്ല. കത്തിലെ അക്ഷരങ്ങളുടെ ഈയൊരു ആര്‍ദ്രതയാണ്‌ നമുക്കെപ്പോഴോ 
നഷ്ട്ടമായത്. അന്നൊക്കെ പ്രിയപ്പെട്ടവര്‍ക്ക് നമ്മോടു എന്തൊക്കെയോ 
പറയാനുണ്ടായിരുന്നു. മനസ്സിലെ സ്നേഹനൊമ്പരങ്ങള്‍ അക്ഷരങ്ങളായി 
കത്തിലൂടെ ഒഴുകിയെത്തുമ്പോള്‍ അറിയാതെയെങ്കിലും നമ്മുടെ മനസ്സ് 
തെങ്ങിയതോര്‍മ്മയില്ലേ? പ്രണയത്തിന്റെ അക്ഷരങ്ങള്‍ ആരും കാണാതെ 
പുസ്തകതാളുകള്‍ക്കിടയില്‍ ഒളിച്ചുവച്ച് വീണ്ടും വീണ്ടും വായിച്ച് മനപ്പാടമാക്കിയതും 
നമ്മളൊക്കെ മറന്നു പോയോ?

പ്രണയിതാക്കളും, നാട്ടിലും വിദേശത്തുമായി കഴിഞ്ഞുപോന്ന കുടുംബങ്ങളും ആവും
കത്തുകളെ ഏറെ സ്നേഹിച്ചവര്‍, അല്ലേ? അവര്‍ക്കിടയില്‍ ഹംസമായി വര്‍ത്തിച്ചിരുന്ന 
അഞ്ചല്‍ക്കാര്‍ക്ക് ദൈവത്തിന്റെ മുഖമായിരുന്നു. ഒരു ദേശത്തിന്റെ തന്നെ 
"യെല്ലോ പേജുകള്‍" ആയിരുന്നു അഞ്ചല്‍ക്കാരന്മാര്‍. പക്ഷേ ഇന്നവര്‍ക്ക് നമുക്കായി 
കൊണ്ടുതരാനുള്ളത്‌ പ്രിന്റ്‌ ചെയ്ത ക്ഷണകത്തുകളും, 
മൊബൈല്‍ / ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലുകളും മാത്രം.


ഞാനോര്‍ക്കുന്നു, പണ്ട് അച്ഛന്‍ ഗള്‍ഫില്‍ ആയിരന്നപ്പോള്‍ അമ്മ ഒരുപാട് 
കത്തുകള്‍ എഴുതുമായിരുന്നു. ഓരോ കത്തുകള്‍ക്കൊടുവിലും ഞങ്ങള്‍ മക്കള്‍ക്ക്‌ വേണ്ടി 
എഴുതാനും ഒരു പുറം മാറ്റിവയ്ക്കും. ആദ്യമായി കത്തെഴുത്ത് ശീലം തുടങ്ങിയത് അങ്ങിനെയാണ്.


പിന്നീട് ഏറ്റവും അധികം കത്തുകള്‍ എഴുതിയിട്ടുള്ളത് ക്യാമ്പസ്‌ ജീവിതത്തിലും. ഒടുവില്‍ 
പ്രണയവും സൗഹൃദവുമെല്ലാം ഋതുക്കള്‍ പോലെ കൊഴിഞ്ഞു പോയപ്പോള്‍ പക്കലുണ്ടായിരുന്ന 
കടലാസു കഷണങ്ങള്‍ ഒരക്ഷരത്തിനു വേണ്ടി ദാഹിച്ചുപോയി. പിന്നീട് ജോലിത്തിരക്കെന്ന 
കപടസത്യം പറഞ്ഞ് കത്തുകളോട് വിടചൊല്ലി ഉറക്കം നടിച്ചു കിടന്നു. 
ഉണര്‍ന്നെണീറ്റപ്പോള്‍ ചുറ്റും മൊബൈല്‍ ഫോണുകളും ഇന്‍സ്റ്റന്റ് മെസ്സെഞ്ചറുകളും.
പിന്നീടവ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഫേസ്ബുക്കും വാട്സ് ആപ്പും ഏറ്റെടുത്തപ്പോള്‍;
തൂലികാ സൌഹൃദങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് വഴിമാറിയപ്പോള്‍;
കടലാസില്‍ 
അക്ഷരങ്ങള്‍ കുറിക്കാന്‍ കൈ വഴങ്ങാതെയായി.



ഇന്നിപ്പോള്‍ പോസ്റല്‍ സ്റ്റാമ്പുകളും ഇന്‍ലാന്റ്റും പോസ്റ്റ്‌ കാര്‍ഡുമെല്ലാം 
പുരാതന വസ്തുക്കളായി. ഒരു രസത്തിന് വേണ്ടി നാലഞ്ചു വർഷം മുന്‍പാണ് 
ഒരു പോസ്റ്റ്‌ കാര്‍ഡും ഇൻലാന്റും  വാങ്ങിയത്. 
കുറെ നാളുകൾ കഴിഞ്ഞിട്ടും അതിലൊരു വരിപോലും എഴുതിയില്ല, ആര്‍ക്കും അയച്ചതുമില്ല!
ആര്‍ക്കും വേണ്ടാതെ ഏതോ ഡയറിയുടെ താളുകള്‍ക്കിടയിലിരുന്നതു  
വീര്‍പ്പുമുട്ടിക്കാണും. അഞ്ചല്‍ പെട്ടികള്‍ കവലകളില്‍ നോക്കു കുത്തികളായും നിന്നു.

പിന്നെ കത്തുകൾ ബോധപൂർവ്വം എഴുതിത്തുടങ്ങി.
ഒന്നു രണ്ടു സുഹൃത്തുക്കകൾക്ക്, പഠിപ്പിച്ച ടീച്ചർക്ക് അങ്ങനെയങ്ങനെ.
വർഷത്തിൽ ഒന്നോ രണ്ടോ എന്ന കണക്കേ അതിന്നും തുടരുന്നു.

നിങ്ങള്‍ക്കൊര്‍മ്മയുണ്ടോ, 
നിങ്ങള്‍ അവസാനമായി എന്നാണ് ഒരു കത്തെഴുതിയതെന്ന്? ആര്‍ക്കായിരുന്നു അത്?


നമുക്കൊരു കാര്യം ചെയ്താലോ? ശ്രമിച്ചു നോക്കാം വീണ്ടുമൊരു കത്തെഴുതാന്‍, നിങ്ങളുടെ
പ്രിയപ്പെട്ട ആര്‍ക്കെങ്കിലും; അച്ഛനമ്മമാര്‍ക്കോ കൂട്ടുകാരനോ കൂട്ടുകാരിക്കോ...
ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ, നിങ്ങള്‍ അകലെയാണെങ്കില്‍ നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും 
ഒരു തുറന്ന കത്ത്. ഒരുപക്ഷെ ദിവസവും അവരെ നെറ്റിലൂടെ നേരില്‍കണ്ട് 
സംസാരിക്കുന്നുണ്ടാവാം, പക്ഷേ ഒത്തിരി നാളുകള്‍ക്കിപ്പുറം  സ്വന്തം മക്കളെഴുതിയ
ഒരു കത്ത് കിട്ടുമ്പോള്‍ അവര്‍ക്ക് എന്ത് സന്തോഷമായിരിക്കും !


നമുക്കിവിടെ തുടങ്ങി വയ്ക്കാം; 
"പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് ..." 
ഹൃദയത്തിന്റെ അരികത്തുള്ള പ്രണയിനിക്ക് എഴുതിത്തുടങ്ങാം;
"പ്രിയേ, നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍..."
ഇനിയിതൊന്നും പറ്റില്ലെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തിനെ തെറിവിളിച്ച്
ഒരു കത്തെഴുതുക. എന്തിനാണെന്നല്ലേ??? ചുമ്മാ, ഒരാശ്വാസത്തിന്.

October 24, 2011

പടവെട്ട്

 


 ഓര്‍മ്മയുണ്ടോ, പണ്ട് നമ്മള്‍ പടവെട്ടി കളിച്ചിരുന്ന, പ്രകൃതിദത്തമായ ഈയൊരു 
"ഐറ്റം" ?
ഇതിന്റെ ശെരിയായ പേര് എന്താണെന്ന് എനിക്കറിയില്ല. 
പൂപ്പല്‍ പിടിച്ച കിണറിന്റെ വക്കത്തും, മതിലിലും ഒക്കെ ഇവ ധാരാളമായി കാണാറുണ്ട്.
വീര്‍ത്ത തലയുള്ള രണ്ടു നാമ്പേടുത്ത് രണ്ടു പേര് പടവെട്ടിക്കളിക്കാന്‍ ആണ് 
കുട്ടിക്കാലത്ത് നമ്മള്‍ ഇത് ഉപയോഗിച്ചിരുന്നത്. 
ആദ്യം തല പോകുന്നയാള്‍ കളിയില്‍ തോല്‍ക്കുന്നു !


കുറച്ചു നാളുകളായി ഇവനെയൊക്കെ എന്റെ കണ്ണില്‍ പെട്ടിട്ട്.
ഓണനാളുകളിലെ യാത്രകള്‍ക്കിടയില്‍ ഒരു ഗ്രാമത്തില്‍ നിന്നാണ് ഈ 
കാഴ്ച കിട്ടിയത്. ബാല്യത്തിലെ വികൃതിയും, കൂട്ടുകാരോടുള്ള പടവെട്ടും 
മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ബ്ലോഗ്‌ വായനക്കാര്‍ക്ക്,
ചുമ്മാ അതൊക്കെ ഓര്‍ത്തെടുക്കാന്‍ ഞാനീ ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു...

September 27, 2011

ഉറുമ്പുകള്‍


 കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജാഥയായി വീട്ടിലെത്തിയ ഉറുമ്പിന്‍ കൂട്ടമാണ്‌ 
ഈ പോസ്റ്റിനു നിമിത്തമായത്. വരിവരിയായി നമ്മുടെ കണ്മുന്‍പില്‍ പലപ്പോഴും 
ഇവയെ കാണാറുണ്ടെങ്കിലും നാം ഗൌനിക്കാറില്ല അല്ലെ? എന്നാല്‍ 
മനുഷ്യരെപ്പോലെതന്നെ ഈ ഉറുമ്പുകള്‍ക്കുമുണ്ട് അവരുടെതായ ഒരു സാമ്രാജ്യം;
വൈവിധ്യമാര്‍ന്ന ജീവിതരീതികളും കൌതുകങ്ങളും നിറഞ്ഞ ഉറുമ്പുകളുടെ ലോകം!



കണ്ടിട്ടില്ലേ, കൂട്ടത്തോടെ മാത്രമേ ഉറുമ്പുകള്‍ താമസിക്കുകയുള്ളൂ. ഭൂമിയിലെ നല്ലൊരു 
ശതമാനം ഈ ഉറുമ്പുകള്‍ വാസയോഗ്യമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 
ഉറുമ്പുകളുടെ കൂട്ടത്തിനെ "കോളനി" എന്നാണു പറയുക. ഓരോ കോളനിയിലും 
ഒരു ഡസന്‍ മുതല്‍ ലക്ഷക്കണക്കിന്‌ ഉറുമ്പുകളെ കാണാനായേക്കും ! രാജ്ഞിയെ കൂടാതെ 
ആണ്‍ ഉറുമ്പുകള്‍ പെണ്‍ ഉറുമ്പുകള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ ഉണ്ട്; 
കൂട്ടാതെ കോളനിയുടെ രക്ഷക്കായി കാവല്‍ക്കാരന്‍ ഉറുമ്പുകളും ഉണ്ട്.



ശ്രദ്ധിച്ചിട്ടുണ്ടോ നാം കാണാറുള്ള ഉറുമ്പുകളുടെ ചെഷ്ട്ടകള്‍? അവ കൂടില്‍ നിന്നും വരിവരിയായി 
ഇറങ്ങുന്നതും, ഒന്നിന്റെ പുറകെ ഒന്നായി എന്തോ വലിയ കാര്യം ചെയ്യാന്‍ വേണ്ടി തിരക്കിട്ട് 
പോകുന്നതും എല്ലാം ഒരു താളത്തിലാണ്. സ്വയം പാലിച്ചു പോരുന്ന ഒരച്ചടക്കം ഇവയ്ക്കുണ്ട്.
ചില നേരം, ഒരേ വഴിചാലിലൂടെ രണ്ടു ദിശയിലേക്കും "ഹെവി ട്രാഫിക്‌" ആയി ഉറുമ്പുകള്‍ 
പോകുന്നത് കാണാം. ഇരു ദിശയിലൂടെ പോകുമ്പോഴും ഓരോ ഉറുമ്പും പരസ്പരം എന്തോ 
സന്ദേശം കൈമാറുന്നപോലെ തോന്നും, ഒരു "വണ്‍ ടു വണ്‍" കമ്മ്യുണിക്കേഷന്‍.
ഉറുമ്പുകളുടെ ഒരു പ്രത്യേകതയാണിത്. എന്ത് വിവരം കിട്ടിയാലും കൂട്ടത്തില്‍ ഉള്ള 
എല്ലാവര്‍ക്കും അതെത്തിക്കും; അത് അപായ സൂചനയോ, ഭക്ഷണത്തിന്റെ കാര്യമോ
എന്തുമായിക്കൊള്ളട്ടെ. മനുഷ്യരും കണ്ടു പഠിക്കേണ്ട ചിലതൊക്കെയാണിത്. ഉറുമ്പുകളുടെ 
അധ്വാനശീലവും ഇതുപോലെ തന്നെയാണ്. ഏതു സാഹചര്യത്തില്‍ നിന്നുകൊണ്ട് 
ജീവിക്കാനും ഭക്ഷണം കണ്ടെത്താനും അവയ്ക്ക് പെട്ടെന്നാവും. 
ഉറുമ്പുകളുടെ സഹവര്‍ത്തിത്തവും അധ്വാനശീലവും മനുഷ്യന്‍ മാതൃകയാക്കണമെന്ന്
ബൈബിളില്‍ പോലും പരാമര്‍ശിച്ചിട്ടുണ്ട്.



 കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലെക്കും പിന്നെ അവരുടെതായ ചെറിയ 
കുബിക്കിളിലെക്കും ജീവിതം ഒതുങ്ങിപ്പോകുന്ന മനുഷ്യരുടെ ഈ കാലത്ത് നമുക്ക് 
ഉറുമ്പുകളെയെങ്കിലും കണ്ടു പഠിക്കാം; 
നമുക്ക് ചുറ്റുമുണ്ടല്ലോ വിവിധയിനങ്ങള്‍- ചോണോനുരുമ്പും പുളിയനും കുനിയനും കട്ടുറുമ്പും...
ബേപ്പൂര്‍ സുല്‍ത്താന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ഉറുമ്പുകളും ഭൂമിയുടെ അവകാശികള്‍...

August 25, 2011

തൃക്കാക്കരയപ്പന്‍




ഓണം ആഘോഷങ്ങളുടെ ഭാഗമായി നാമെല്ലാവരും വീടുകളില്‍ തൃക്കാക്കരയപ്പനെ 
ഒരുക്കി വയ്ക്കാറില്ലേ? മണ്ണുകൊണ്ട് വാമാനമൂര്‍ത്തിയെ ഉണ്ടാക്കി അതില്‍ ഓണപ്പൂവും 
തുമ്പക്കുടവും ചാര്‍ത്തി, അരിമാവ് അണിഞ്ഞ് വീട്ടുപടിക്കല്‍ നിന്ന് "ആര്‍പ്പോ" വിളികളുമായി 
നാം ഓണത്തപ്പനെ വരവേല്‍ക്കുന്നു. ഈ ഓണത്തപ്പനെ തന്നെയാണ് തൃക്കാക്കരയപ്പന്‍ 
എന്ന് വിളിക്കുന്നതും. തൃക്കാക്കരയപ്പന്റെ വിശേഷങ്ങള്‍ അറിയാന്‍ നമുക്ക് "തൃക്കാക്കര" 
എന്ന ഗ്രാമം വരെ ഒന്ന് പോയ്‌ വരാം.

 എറണാകുളത്തെ ഇടപ്പള്ളിയില്‍ (ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍)നിന്നും
കിഴക്കുഭാഗത്തായി(2 കിലോമീറ്റര്‍) സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തൃക്കാക്കര.
ഭാരതത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്.
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ഠ.

ഓണത്തിന്റെ ഐതിഹ്യം നമുക്കെല്ലാം അറിവുള്ളതാണ്.  മഹാബലി തിരുമേനി 
നാട് വാണീടുന്ന കാലവും, അന്നത്തെ പ്രജകളുടെ ക്ഷേമവുമെല്ലാം നാം പല മിത്തുകളില്‍ നിന്നും
കേട്ടറിഞ്ഞിട്ടുണ്ട്‌. അന്ന് മഹാബലിയെ പരീക്ഷിക്കാന്‍ വാമനന്റെ രൂപത്തില്‍ വന്ന 
മഹാവിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തിലാണത്രേ തൃക്കാക്കര ഉണ്ടായത്. 
യഥാര്‍ത്ഥത്തില്‍ തിരു-കാല്‍-കര എന്നത് ലോപിച്ച് പിന്നീടത്‌ തൃക്കാക്കരയായി  മാറി.

വാമനമൂര്‍ത്തി പ്രതിഷ്ഠയായുള്ള തൃക്കാക്കര ക്ഷേത്രം ശില്‍പ്പ ഭംഗി കൊണ്ടും ശ്രദ്ധേയമാണ്. 
എഴടിയോളം പൊക്കത്തിലുള്ള നിലവിളക്കാണ് നമ്മെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.
സോപാനവും ശ്രീകോവിലിന്റെ പാര്‍ശ്വസ്ഥ സ്ഥലങ്ങളും കമനീയമായി പിച്ചളയില്‍ പൊതിഞ്ഞിരിക്കുന്നു.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എനിക്ക് തോന്നിയ മറ്റൊരു കാര്യം 
ഉയരത്തില്‍ നില്‍ക്കുന്ന പ്രതിഷ്ഠയാണ്. ശ്രീ കോവിലിന്റെ വാതില്‍ കടന്നു പിന്നെയും അനേകം 
പടവുകള്‍ക്കു മുകളിലായാണ് വാമന പ്രതിഷ്ഠ ഉള്ളത്, ആയതിനാല്‍ ഭക്തര്‍ക്ക് യധേഷ്ട്ടം 
ഭഗവാനെ ദര്‍ശിക്കാം. വാമന പ്രതിഷ്ഠ കൂടാതെ ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍, നാഗങ്ങള്‍,
രക്ഷസ്സ്, യക്ഷി എന്നീ ആരാധനകളും ഈ ക്ഷേത്രത്തിലുണ്ട്.
വളരെ വലിയ മൈതാനത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഇനിയുമുണ്ട് 
വിശേഷങ്ങള്‍; വാമനമൂര്‍ത്തീ ക്ഷേത്രം കൂടാതെ, മഹാബലി ആരാധിച്ചിരുന്നത് എന്ന് 
കരുതപ്പെടുന്ന ഒരു ശിവക്ഷേത്രവും ഉണ്ടിവിടെ. ഭക്തര്‍ ഈ ശിവക്ഷേത്രത്തില്‍ തോഴുതിറങ്ങിയ 
ശേഷം മാത്രമേ വാമന മൂര്‍ത്തിയെ വണങ്ങാവൂ എന്നാണു പ്രമാണം. തെക്ക് ഭാഗത്തായി 
സ്ഥിതി ചെയ്യുന്ന ഈ ശിവ ക്ഷേത്രത്തിന്റെ മുന്‍പിലായി ഒരു സിംഹാസനം കാണാം.
മഹാബലി തിരുമേനിയുടെ ആസ്ഥാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ക്ഷേത്രാങ്കണത്തില്‍ തന്നെ വിഷിഷ്ട്ടമായൊരു കുളവുമുണ്ട്. "കപില തീര്‍ത്ഥം" എന്നാണ്
ഇതറിയപ്പെടുന്നത്. കപില മഹര്‍ഷിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ഐതിഹ്യം 
ഈ കുളത്തിനുള്ളതുകൊണ്ട് ഭക്തര്‍ക്ക് ഇവിടം നിഷിദ്ധമാണ്; 
പുറമേ നിന്ന് കാണാന്‍ മാത്രമേ സാധിക്കൂ.


ക്ഷേത്രത്തിലെ പൂജാവിധിയെകുറിച്ച് പറയുകയാണെങ്കില്‍, നിത്യവും അഞ്ചു നേരമായിട്ടാണ്
വിധിപ്രകാരമുള്ള പൂജകള്‍; ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ.
കൂടാതെ എതൃത്ത ശീവേലി, ഉച്ച ശീവേലി, അത്താഴ ശീവേലി എന്നിങ്ങനെ മൂന്നു
ശീവേലികളും പതിവുണ്ട്.

ഓണവും തൃക്കാക്കരയും.

സത്യത്തില്‍ ഓണം തൃക്കാക്കരയിലാണ്. ഓണം ആഘോഷങ്ങള്‍ തൃക്കാക്കര ക്ഷേത്രവുമായി
ബന്ധപ്പെട്ടിട്ടുള്ളതാണെന്നു ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു.
ചിങ്ങമാസത്തിലാണ് തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവം. ചിങ്ങത്തിലെ അത്തം നാളില്‍
ഉത്സവത്തിന്‌ കൊടികയറുന്നു. മാബലി മാലോകരെ കാണാന്‍ വരുന്ന ഈ ഉത്സവ നാളുകള്‍ക്ക് നാന്ദികുറിക്കുന്നത് തൃപ്പൂണിത്തുറയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രയോടെയാണ്.


അത്തച്ചമയം എന്നറിയപ്പെടുന്ന ഈ പുറപ്പാട് അവസാനിക്കുന്നത് തൃക്കാക്കരയിലെ
വാമാനമൂര്‍ത്തീ ക്ഷേത്രത്തിലാണ്, തുടര്‍ന്ന് ഉത്സവ കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങുകയായി;
പിന്നെ പൂക്കളുടെയും വര്‍ണ്ണങ്ങളുടെയും പൂത്തുംബികളുടെയും ആരവത്തോടെ പത്തു ദിനങ്ങള്‍.

വാമനമൂര്‍ത്തിയുടെ ജന്മദിനമായ തിരുവോണനാളില്‍ ആറോട്ടോടു കൂടി
ഉത്സവം കൊടിയിറങ്ങുകയും ചെയ്യുന്നു.



തൃക്കാക്കരയിലെ ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവരാണത്രെ സ്വഗൃഹങ്ങളില്‍
അത്തം മുതല്‍ പത്തു ദിവസം പൂക്കളമൊരുക്കി, ഉത്രാടരാത്രിയില്‍ തൃക്കാക്കരയപ്പന്
നിവേദ്യം നല്‍കി ആര്‍പ്പു വിളിച്ച്, തിരുവോണനാളില്‍ ഓണസദ്യയൊരുക്കി
നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഓണം ആഘോഷിക്കുനത്.

പ്രിയ വായനക്കാര്‍ ഈ അമ്പലത്തില്‍ ഇതുവരെ പോയിട്ടില്ലെങ്കില്‍ ഇതാണ് ഏറ്റവും
നല്ല സമയം. കാരണം നാലഞ്ചു ദിനം കഴിഞ്ഞാല്‍ ചിങ്ങത്തിലെ അത്തം വരവായി.
ഇനി ഉത്സവ നാളുകള്‍. ഇന്നലെ ഞാനിവിടെ പോയപ്പോഴേ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍
തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പിന്നെ ഇക്കുറി വാമാനമൂര്‍ത്തിയെ വണങ്ങിയിട്ടാവാം 
ഓണാഘോഷം, വേഗം വിട്ടോളൂ തൃക്കാക്കരയിലേക്ക്...

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?
ഏറണാകുളത്തു നിന്നും വരുന്നവര്‍ കലൂര്‍ കഴിഞ്ഞു ഇടപ്പള്ളി സിഗ്നലിനു ശേഷം 
ഇടപ്പള്ളി ടോള്‍ കവലയില്‍ എത്തുക. തൃശൂര്‍ നിന്നും വരുന്നവര്‍ NH - 47 വഴി 
അങ്കമാലി-ആലുവ വഴി കളമശ്ശേരി കഴിഞ്ഞു ഇടപ്പള്ളി ടോള്‍ കവലയില്‍ എത്താം.
അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലേക്ക് (തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ ഇടത്തോട്ട് )
തിരിഞ്ഞ് 2 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഈ ക്ഷേത്രത്തിലെത്താം.