December 23, 2009

ഡിസംബര്‍

ഡിസംബര്‍ എന്ന് കേള്‍ക്കുമ്പോഴേ മനസ്സിനൊരു തണുപ്പാണ്...
കുട്ടിക്കാലം മുതലേ ഒത്തിരി ഇഷ്ട്ടാണ് ഈ മാസം,
ഒപ്പം ഒരു വര്‍ഷം കൂടി കൊഴിഞ്ഞു പോകുന്നതിന്റെ വേദനയുമുണ്ട്.
കാത്തിരിക്കുന്നത് പുതിയൊരു വര്‍ഷത്തിന്റെ നല്ല നാളുകളാണല്ലോ
എന്നോര്‍ക്കുമ്പോള്‍, മറക്കാം നമുക്കീ വിരഹം.

ഡിസംബര്‍ ഒന്നാം തിയതി തന്നെ നക്ഷത്രം ഇടുക എന്നൊരു
ചടങ്ങ് പണ്ടേ ഉള്ളതാണ്, സത്യായിട്ടും ഇത്തവണയും അത്
മറന്നില്ല.

ക്രിസ്മസ് ആണ് ഈ മാസത്തിന്റെ ഹൈലൈറ്റ് എങ്കിലും
പരീക്ഷകളെ ഭയന്നാണ് എന്നിലെ കുട്ടി ആദ്യ നാളുകളെ
നേരിട്ടിരുന്നത്. പത്തു ദിവസത്തിന്റെ പരോള്‍ കിട്ടുമല്ലോ
എന്ന പ്രതീക്ഷയായിരുന്നു അന്നൊക്കെ ഏക ആശ്വാസം.
ഞങ്ങളുടെ നാട്ടില്‍[തൃശൂര്‍] ഈ സമയത്ത് നല്ല കാറ്റ് ആണ്.
പാലക്കാട് മുതല്‍ കുറുമാലി പുഴ വരെയുണ്ടാകും വരണ്ടുണങ്ങിയ
ഈ കാറ്റ്. ഇതൊക്കെ പരീക്ഷക്ക്‌ പഠിക്കാന്‍ മടി കൂട്ടുന്ന
ഘടകങ്ങളായിരുന്നു. ഒരു വിധത്തില്‍ വെക്കേഷന്‍ ആയാല്‍
പിന്നെ അര്‍മാദിച്ചു നടക്കും. ക്രിക്കറ്റ്‌ കളിയും ക്ലബും എല്ലാമായി.
പിന്നെ അമ്മാവന്റെ വീട്ടിലേക്കു സുഖചികിത്സക്ക് രണ്ടു ദിവസം.
അമ്മായിയുടെ കല്ലെട്ടും കരയിലുള്ള വീട്ടിലേക്കും ഒരു വിസിറ്റ്.

നാട്ടില്‍ തിരിച്ചെത്തിയാല്‍ പിന്നെ വീണ്ടും ബിസി ഡെയ്സ് .
കവലകളിലെല്ലാം പുല്‍കൂട് നിര്‍മ്മാണം, കരോളിനുള്ള പിരിവ്...
കരോള്‍ നടത്തി കിട്ടിയിരുന്ന പൈസ കൊണ്ടായിരുന്നു ബാറ്റ് ബോള്‍
തുടങ്ങിയ സ്പോര്‍ട്സ് ആസസറീസ് വാങ്ങിയിരുന്നത്.
കരോള്‍ രാവുകള്‍ സംഭവ ബഹുലമായിരിക്കും.
വീട്ടില്‍ നിന്നും, രാവേറെ പുറത്തു കറങ്ങി നടക്കാന്‍ കിട്ടിയിരുന്ന
അസുലഭ അവസരം ശരിക്കും മുതലാകും. പിന്നെ കൂട്ടുകാരുടെ
ഓരോ രസികന്‍ നമ്പരുകള്‍. ഒരിക്കല്‍ പപ്പാനിയായവാന്‍ അവന്റെ
പ്രണയിനിയുടെ വീട്ടിലെത്തിയപ്പോ ആരും കാണാതെ
അവളുടെ കരം ഗ്രഹിച്ചതും പിന്നെ അവള്‍ക്ക് മാത്രം സ്പെഷ്യല്‍
ഡയറി മില്‍ക്ക് സമ്മാനം ആയി കൊടുത്തതും
എല്ലാം ഓര്‍ക്കുമ്പോ തന്നെ രസമാണ് . മുഖംമൂടി വച്ച പപ്പാനിയെ
പെട്ടെന്ന് ആരും തിരിച്ചറിയില്ലല്ലോ !

കൂട്ടുകാരുടെ വീട്ടില്‍നിന്നും കഴിച്ച കേക്കിന്റെയും, കള്ളപ്പത്തിന്റെയും
ഇറച്ചിക്കറിയുടെയും രുചി ഇന്നും മായാതെ നില്‍ക്കുന്നു,
ഒരിക്കലും മറക്കാത്ത സൌഹൃദത്തിന്റെ
സുഖമുള്ള സ്വാദുള്ള ഓര്‍മ്മകളായി...

എല്ലാം ഡിസംബര്‍ രാവുകളുടെ നനുത്ത മഞ്ഞിന്റെ തണുപ്പുള്ള ഓര്‍മ്മകള്‍.
ആദ്യമായി കോളേജ് മാഗസിനില്‍ ഞാനെഴുതിയ കഥയുടെ പേരും
"ഡിസംബറിലെ മഴ" എന്നായിരുന്നു.

ഡിസംബര്‍ വന്നെത്തുമ്പോള്‍ ഇതൊക്കെയാണ് മനസ്സിലെ ഓര്‍മ്മയില്‍
തെളിയുന്നത്.



നന്മയുടെ ആകാശത്തു നക്ഷത്ര ദീപം കൊളുത്തി ഏവരും ഒരുങ്ങിയിരിക്കുകയാവും;
ക്രിസ്മസ് ആഘോഷിക്കാന്‍.
യേശുദേവന്റെ ഓര്‍മ്മയില്‍ നോന്പ് എടുത്തു
പുത്തന്‍ഉണര്‍വില്‍ മനസ്സും ശരീരവും ഒരുക്കിയിട്ടുണ്ടാവും വിശ്വാസികള്‍...
ലോകത്തിലെ ഏവര്‍ക്കും നന്മകള്‍ ഉണ്ടാവട്ടെ
എന്ന പ്രാര്‍ഥനയോടെ,
ക്രിസ്മസ് ആശംസകള്‍

3 comments:

Ramkumar said...

Nowadays students gets more excitement for this holidays because they didn't have any half yearly examination ....

vinodtr said...

ക്രിസ്മസ് ആഘോഷം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്മ വരുന്നത് എന്റെ ചെറുപ്പകാലം ആണ്. ഭംഗിയുള്ള ഒരു സ്റ്റാര്‍ നോക്കി വെച്ചിട്ട് അതിനു വേണ്ടി അച്ഛന്റെ അടുത്ത് വാശി പിടിച്ചതാണ് എന്റെ മനസ്സില്‍ ഓടി എത്തുക. കുറയെ വാശി പിടിച്ചു കരഞ്ഞപ്പോ അച്ഛന്‍ അത് മേടിച്ചും തന്നു :(വേണ്ടായിരുന്നു

divya said...

nannaayittundu.
kanmunnil ozhukippoya kuttikkaalam
ennum nalla ormakalaanu